Skip to main content

ജില്ലയിലേക്ക് തിരിച്ചെത്തിയത് 72 പ്രവാസിമലയാളികൾ അവരെത്തി; പ്രതീക്ഷയോടെ

പുലർച്ച 3.30. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 38 പ്രവാസി മലയാളികളേയും കൊണ്ട് രണ്ട് കെഎസ്ആർടിസി ബസുകൾ ഗുരുവായൂർ മമ്മിയൂരിലെത്തുമ്പോൾ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീനും ജില്ലാ കളക്ടർ എസ് ഷാനവാസും നഗരസാദ്ധ്യക്ഷ എം രതിയുൾപ്പെടെയുളള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുകയായിരുന്നു. അബുദാബി-കൊച്ചി വിമാനത്തിൽ രാത്രി 10.10 ന് നെടുമ്പാശ്ശേരിയിൽ എത്തിയ ആദ്യ സംഘത്തിലെ യാത്രക്കാർ വിമാനത്താവളത്തിലെ നടപടികൾ പൂർത്തിയാക്കി പുറത്തേക്കിറങ്ങുമ്പോൾ സമയം പുലർച്ച 1.30. മൂന്നരയോടെ ബസ് ഗുരുവായൂരിലെത്തി. യാത്രക്കാർ ഓരോത്തരായി പുറത്തേക്കിറങ്ങി. നീണ്ടയാത്രയും, രണ്ട് വിമാനത്താവളങ്ങളിലായി സമയമെടുത്ത് നടത്തിയ പരിശോധനയും, ഉറക്കച്ചടവും ക്ഷീണിതരാക്കിയെങ്കിലും പ്രതീക്ഷയും ആശ്വാസുമായിരുന്നു എല്ലാവരുടെയും മുഖത്ത്. കോവിഡ് വ്യാപന ഭീതിക്കിടയിൽ മറ്റൊരു നാട്ടിലെ അനിശ്ചിതത്വവും ആശങ്കകളും ഇറക്കിവച്ച് സ്വന്തം നാടണയുന്നതിന്റെ ആശ്വാസം അവരിൽ കണ്ടു. കൂട്ടത്തിലെ ദമ്പതികൾക്കൊപ്പം ഉറങ്ങാതെയിരുന്ന കൈക്കുഞ്ഞ് ഉമ്മയുടെ ഒക്കത്തിരുന്ന് കഥയൊന്നുമറിയാതെ നിറഞ്ഞു ചിരിച്ചു.
ബസിൽ നിന്നിറിങ്ങിയ ഓരോത്തരേയും നേരത്തെ തയ്യാറാക്കിരുന്ന പട്ടിക പ്രകാരം വ്യക്തത വരുത്തി മുറികൾ അനുവദിച്ചു. ഗൾഫിൽ നിന്നുളള മടക്കയാത്രയായതു കൊണ്ടുതന്നെ ചിലരുടെ കൈകളിൽ വലിയ ബോക്‌സുകളും ലഗേജുമുണ്ടായിരുന്നു. യാത്രയെക്കുറിച്ച് മന്ത്രി എ സി മൊയ്തീൻ അന്വേഷിച്ചു. സംസ്ഥാന സർക്കാരിന്റെ ക്രമീകരണങ്ങൾ ഏറെ മികച്ചതാണെന്നും തങ്ങളോടുളള കരുതലിന് നന്ദിയുണ്ടെന്നും അവർ പറഞ്ഞു.
ജില്ലയിൽ നിന്നുളള 72 പ്രവാസികളാണ് അബുദാബി-കൊച്ചി വിമാനത്തിൽ തിരിച്ചെത്തിയത്. ഗർഭിണികൾ ഉൾപ്പെടെ 34 പേരെ അവരവരുടെ വീടുകളിൽ നിരീക്ഷണത്തിലാക്കുന്നതിന് ബന്ധുകൾക്ക് ഒപ്പമയച്ചു. അവശേഷിച്ച 38 പേരാണ് വിമാനാത്താവളത്തിൽ നിന്ന് ഗുരുവായൂരിലെത്തിയത്. 28 പുരുഷൻമാരും 10 സ്ത്രീകളും 1 കുട്ടിയും സംഘത്തിലുണ്ടായിരുന്നു. കോവിഡ് സെന്ററായി ജില്ലാഭരണകൂടം കണ്ടെത്തിയ സ്‌റ്റെർലിങ്ങ് ഹോട്ടലിൽ ഇനി ഇവർ നിരീക്ഷണത്തിൽ കഴിയും. ഈ സമയത്ത് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കും. കുടുംബശ്രീക്കാണ് ഭക്ഷണം നൽകുന്നതിനുളള ചുമതല. കോവിഡ് സെന്ററുകളിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു.

date