ആദിവാസി ഊരുകളിൽ തൊഴിലുറപ്പ് ജോലികൾ ആരംഭിച്ചു
ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച അതിരപ്പിള്ളി ആദിവാസി ഊരുകളിലെ തൊഴിലുറപ്പ് ജോലികൾ പുനരാരംഭിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് നൽകിയ മാസ്‌ക്കും കൈയുറയും ധരിച്ചും നിശ്ചിത അകലം പാലിച്ചുമാണ് ഊരുകളിൽ തൊഴിലുറപ്പ് ജോലികൾ പുരോഗമിക്കുന്നത്. ഇരുപതു പേരടങ്ങുന്ന സംഘങ്ങളായാണ് ജോലികൾ ചെയ്യുന്നത്. ഇതിൽ സാമൂഹ്യ അകലം പാലിക്കുന്നതിനായി അഞ്ചു പേരടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞാണ് ജോലികൾ ചെയ്യുക.
ഓരോ തൊഴിലിടങ്ങളിലും കൈ ശുചിയാക്കുന്നതിനായി സോപ്പും വെള്ളവും സാനിറ്റൈസറും അടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ 60 വയസിന് മുകളിൽ പ്രായം വരുന്നവരെ തൊഴിലുറപ്പ് പദ്ധതിയിൽ താൽക്കാലികമായി ഉൾപ്പെടുത്തിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് പറഞ്ഞു. ട്രൈബൽ വാലി പദ്ധതിയുമായി ബന്ധപ്പെട്ട ജോലികളും ഉടൻ തന്നെ ആരംഭിക്കും. സ്വന്തമായി ഭൂമി ഇല്ലാത്ത ആനക്കയം ഊരിലുള്ളവർക്ക് വനം വകുപ്പിന്റെ സഹായത്തോടെ വന്യ മൃഗങ്ങൾക്ക് കുടിവെള്ളത്തിനായുള്ള കുളം നിർമ്മിക്കുക, മഴക്കുഴി നിർമ്മാണം തുടങ്ങിയ ജോലികൾ കണ്ടെത്തി നൽകിയിട്ടുണ്ട്. മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ 13 വാർഡുകളിലും വാർഡ് തല ശുചീകരണ നടപടികൾ ഏകോപിപ്പിക്കുമെന്നും ഇതിനായി ഹരിത കർമ്മ സേനയുടെ സേവനം ഉറപ്പുവരുത്തുമെന്നും പ്രസിഡന്റ് തങ്കമ്മ വർഗീസ് പറഞ്ഞു.
- Log in to post comments