അഴിയൂരില്‍ വാര്‍ഡ്തല എന്‍ഫോഴ്‌സ്‌മെന്റ് ടീം പ്രവര്‍ത്തനമാരംഭിച്ചു
കോവിഡ് 19 മൂന്നാംഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഴിയൂർ ഗ്രാമ പഞ്ചായത്തിൽ സോഷ്യല്‍ ഡിസ്റ്റന്‍സ് എന്‍ഫോഴ്‌സ്‌മെന്റ് ടീം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കല്‍, കൈ കഴുകല്‍, പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് തടയല്‍,
65 വയസ്സ് കഴിഞ്ഞവരും പത്തു വയസ്സില്‍ താഴെയുള്ളവരും പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയല്‍ എന്നീ അഞ്ച് പ്രധാന ശീലങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിലാണ് ടീം രൂപീകരിച്ചത്.
മൂന്ന് പേരാണ് ഒരു ടീമില്‍ ഉണ്ടാകുക. വാര്‍ഡ് അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം. പൊതുജനങ്ങള്‍ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ടീം പരിശോധിക്കും. മൂന്നു തവണ ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും തുടര്‍ന്ന് ജനങ്ങള്‍ പഞ്ച ശീലം പാലിക്കാതെ നിയമം ലംഘിക്കുക യാണെങ്കില്‍ ജനമൈത്രി പോലീസിന്റെ സഹായത്തോടെ കേരള പകര്‍ച്ച വ്യാധി തടയല്‍ നിയമം 2020 പ്രകാരം നിയമ നടപടി സ്വീകരിക്കും. രണ്ട് വര്‍ഷം തടവും 10,000 രൂപ പിഴയും ചുമത്താന്‍ പോലീസിന് അധികാരമുള്ള നിയമമാണ് കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പാസ്സാക്കിയ പകര്‍ച്ച വ്യാധി തടയല്‍ നിയമം 2020.
ഇതിൻ്റെ ഭാഗമായി പഞ്ചായത്തില്‍ പരിശീലനം സംഘടിപ്പിച്ചു. ചോമ്പാല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.പി. സുമേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുല്‍ നസീര്‍, സി.എച്ച്. മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
Click here to Reply
- Log in to post comments