സുഭിക്ഷ കേരളം; ജില്ലയിലെ പഞ്ചായത്തുകള്‍ തയ്യാറാകാന്‍ നിര്‍ദ്ദേശം
• വിവിധ തല സമിതികള്‍ മെയ് 12 മുതല്‍ രൂപവത്കരിക്കും
ആലപ്പുഴ: കോവിഡാനന്തര ഘട്ടത്തിലെ കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതി വിജയിപ്പിക്കുന്നതിന് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളെ ഏകോപിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിക്ക് തുടക്കമായി. ഇന്നലെ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍ദ്ദേശിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാപഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമാകേണ്ട വകുപ്പുകളുടെ ജില്ലാ മേധാവികള്‍ യോഗം ചേര്‍ന്ന് ജില്ലയുടെ പ്രവര്‍ത്തനത്തിന് സമഗ്രമായ മാര്‍ഗ്ഗരേഖ തയ്യാറാക്കിയത്. ജില്ലാപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാപഞ്ചായത്ത് ഹാളില്‍ പ്രസിഡന്‍റ് ജി. വേണുഗോപാലിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനം.
പഞ്ചായത്ത്, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ്, തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിതകേരളം എന്നിവയുടെ ജില്ലാ മേധാവികള്‍ പങ്കെടുത്ത് പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം നടത്തി. നിലവിലെ കൃഷി വ്യാപിപ്പിക്കുന്നതിന് പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി കൃഷി നടത്തുന്നതിന് ഇടപെടല്‍ നടത്തും. ധാന്യങ്ങള്‍, പച്ചക്കറി, പശു, ആട്, മുയല്‍, മത്സ്യം, പന്നി തുടങ്ങി എല്ലാ ഇനങ്ങളിലും ജില്ലയെ സ്വയംപര്യാപ്തമാക്കാന്‍ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ കാര്യക്ഷമമായ നടപടികളെടുക്കും. ഇതിന്‍രെ അടിസ്ഥാനത്തില്‍ സുഭിക്ഷ കേരളം പദ്ധതി സംബന്ധിച്ച ഗ്രാമപഞ്ചായത്ത് വാര്‍ഡുതല സമിതികള്‍ മെയ് 12ന് രൂപീകരിക്കുവാനും പഞ്ചായത്ത്തല സമിതികള്‍ 13ന് രൂപീകരിക്കുവാനും ഭൂമി സംബന്ധിച്ച വിവരശേഖരണം 15ന് നടത്തുവാനും തീരുമാനിച്ചു. മെയ് 17ന് കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കുന്നതിനും ആയത് പ്രകാരം വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം വാങ്ങുവാനും ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാതലത്തില്‍ അതാത് വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ അതാത് ജില്ലാ ഓഫീസര്‍മാര്‍ മോണിറ്റര്‍ ചെയ്യുന്നതിനും ഇക്കാര്യത്തില്‍ താഴെത്തിട്ടിലുള്ള വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ സേവനം ഗ്രാമപഞ്ചായത്ത് തലത്തില്‍ ലഭ്യമാക്കുന്നതിനും യോഗം തീരുമാനിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മണിവിശ്വനാഥ്, വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ. അശോകന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. കെ.ടി. മാത്യു, പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയപേഴ്സണ്‍ കെ. സുമ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ജോണ്‍ തോമസ്, വിശ്വന്‍ പടനിലം, ജുമൈലത്ത്, ജില്ലാപഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവസാദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലതി മറ്റ് ജില്ലാതല വകുപ്പ് ഉദ്യോസ്ഥന്മാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments