Skip to main content

കോവിഡ് 19: രണ്ട് വിമാനങ്ങളിലായി മലപ്പുറം സ്വദേശികളായ 91 പ്രവാസികള്‍ തിരിച്ചെത്തി

 

വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ കഴിയുന്നത് 41 പേര്‍

 

കോവിഡ് 19 വ്യാപനം ഗള്‍ഫ് നാടുകളില്‍ ആശങ്കയേറ്റുമ്പോള്‍ ജന്മനാടിന്റെ തണലിലേയ്ക്ക് പ്രവാസികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കൊച്ചിയിലും കരിപ്പൂരിലുമായെത്തിയ രണ്ട് വിമാനങ്ങളില്‍ ആദ്യ ദിവസം ജില്ലയിലേയ്ക്ക് തിരിച്ചെത്തിയത് 91 പ്രവാസികളാണ്. ലോക ശ്രദ്ധയാകര്‍ഷിച്ച കേരളത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ ആശ്വാസം കണ്ടെത്തുകയാണ് ഇവരെല്ലാം. രണ്ട് വിമാനങ്ങളിലായി എത്തിയവര്‍ക്കെല്ലാം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടം പ്രത്യേക നിരീക്ഷണം ആരംഭിച്ചു.

ദുബായില്‍ നിന്നുള്ള സംഘത്തില്‍ മലപ്പുറം സ്വദേശികളായ 68 പേര്‍ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലും അബുദബിയില്‍ നിന്നുള്ള 23 പേര്‍ നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് എത്തിയത്. കരിപ്പൂരെത്തിയ 68 പേരില്‍ രണ്ട് പേര്‍ മാത്രമാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സ തുടരുന്നയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചുമയുണ്ടായിരുന്ന മറ്റൊരാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. 41 പേരാണ് കോവിഡ് കെയര്‍ സെന്ററുകളിലുള്ളത്. ഇതില്‍ 37 പേരെ കാളികാവ് സഫ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററിലും കൊച്ചിയില്‍ നിന്നെത്തിയ 23 പേരില്‍ നാല് പേരെ കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍നാഷണല്‍ ഹോസ്റ്റലിലും പ്രത്യേക നിരീക്ഷണത്തിലാക്കി. ജില്ലയിലെത്തിയ പ്രവാസികളില്‍ 31 പേരാണ് വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തില്‍ കഴിയുന്നത്.

 

കോവിഡ് 19: പ്രവാസികളുടെ രണ്ടാം സംഘം ഇന്ന് (മെയ് 08) കരിപ്പൂരിലെത്തും

149 പ്രവാസികളുമായി പ്രത്യേക വിമാനം റിയാദില്‍ നിന്ന്

 

കോവിഡ് 19 വൈറസ് ബാധ ഗള്‍ഫ് മേഖലയില്‍ ആശങ്കയാവുന്നതിനിടെ റിയാദില്‍ നിന്നുള്ള ഒരു സംഘം പ്രവാസികള്‍ ഇന്ന് (മെയ് 08) കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. രാത്രി 8.30 ന് എത്തുന്ന പ്രത്യേക വിമാനത്തില്‍ 149 പേരാണുണ്ടാവുകയെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

സംസ്ഥാനത്തെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്‌നാട് സ്വദേശികളായ 10 പേരും ഇതില്‍ ഉള്‍പ്പെടും. യാത്രക്കാരില്‍ 84 പേര്‍ ഗര്‍ഭിണികളാണ് (മലപ്പുറം - 23). 22 കുട്ടികളും (മലപ്പുറം - 11) അഞ്ച് പേര്‍ അടിയന്തര ചികിത്സക്കെത്തുന്നവരുമാണ് (മലപ്പുറം -1). എഴുപത് വയസിന് മുകളില്‍ പ്രായമുള്ള മൂന്നു പേരും അമ്മമാരോടൊപ്പം തിരിച്ചെത്തുന്ന 15 കുട്ടികളും സംഘത്തിലുണ്ടാവും.

യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക് - മലപ്പുറം - 48, പാലക്കാട് - 10, കോഴിക്കോട് - 23, വയനാട് - നാല്, ആലപ്പുഴ - മൂന്ന്, എറണാകുളം - അഞ്ച്, ഇടുക്കി - മൂന്ന്, കണ്ണൂര്‍ - 17, കാസര്‍ഗോഡ് - രണ്ട്, കൊല്ലം - ഒമ്പത്, കോട്ടയം - ആറ്, പത്തനംതിട്ട - ഏഴ്, തിരുവനന്തപുരം - രണ്ട്. ഇതിന് പുറമെ തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് പേരും കര്‍ണാടക സ്വദേശികളായ എട്ട് പേരും വിമാനത്തിലുണ്ടാകും.

 

 

കോവിഡ് 19: മലപ്പുറം ജില്ലയില്‍ രോഗം ബാധിച്ച ആരും ഇനി ആശുപത്രിയിലില്ല

തുടര്‍ നിരീക്ഷണത്തലുണ്ടായിരുന്ന കാലടി, മാറഞ്ചേരി സ്വദേശികള്‍ വീടുകളിലേയ്ക്ക് മടങ്ങി

 

മലപ്പുറം ജില്ലയില്‍ കോവിഡ് 19 ഭേദമായി തുടര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന  രണ്ട് പേരും ഇന്നലെ (മെയ് 08) വീടുകളിലേയ്ക്ക് മടങ്ങി. ഇതോടെ ഇനി ജില്ലയില്‍ കോവിഡ് ബാധതരില്ല. കാലടി ഒലുവഞ്ചേരി സ്വദേശി താഴത്ത് വളപ്പില്‍ മുഹമ്മദ് കബീര്‍ (38), മാറഞ്ചേരി പരിച്ചകം സ്വദേശി  തെക്കെക്കരയില്‍ അബ്ദുള്‍ ലത്തീഫ് (40) എന്നിവരാണ് രാവിലെ 10.30 ന് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.
തങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കിയ സംസ്ഥാന സര്‍ക്കാറിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇരുവരും നന്ദി പറഞ്ഞു. ചികിത്സാ സമയത്ത് യാതൊരു മാനസിക സംഘര്‍ഷവും ഉണ്ടായിരുന്നില്ല. ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും മികച്ച പരിചരണമാണ് തങ്ങള്‍ക്ക് നല്‍കിയതെന്നും പുതു ജീവിതത്തിലേയ്ക്കാണ് ഇനി പ്രവേശിക്കുന്നതെന്നും ഇരുവരും പറഞ്ഞു.

മുംബൈ താനെ ജില്ലയിലെ ബിവണ്ടിയില്‍ ഇളനീര്‍ വില്‍പ്പന കേന്ദ്രത്തിലെ തൊഴിലാളികളായ ഇരുവരും ഏപ്രില്‍ 11 ന് ചരക്ക് ലോറിയില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്താണ് കേരളത്തിലെത്തിയത്. കല്‍പ്പറ്റ വഴി ഏപ്രില്‍ 15 ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കോഴിക്കോടെത്തി. കോഴിക്കോട് നിന്ന് അരി കയറ്റിവന്ന ലോറിയില്‍ യാത്ര ചെയ്ത് വൈകുന്നേരം ആറ് മണിയ്ക്ക് രാമനാട്ടുകരയിലെത്തിയശേഷം അവിടെ നിന്ന് നടന്ന് ചേളാരിയിലെത്തി. രാത്രി 8.30 ന് ചേളാരിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ യാത്ര തിരിച്ച് കാലടി സ്വദേശി മുഹമ്മദ് കബീറിനെ ചമ്രവട്ടം പാലത്തിനടുത്ത് ഇറക്കി. പിന്നീട് പരിച്ചകം സ്വദേശി അബ്ദുള്‍ ലത്തീഫും വീട്ടിലെത്തി.

ഇരുവരും മുംബൈയില്‍ നിന്നെത്തിയ വിവരമറിഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് ഏപ്രില്‍ 16 ന് ഇവരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലാക്കുകയായിരുന്നു. മുഹമ്മദ് കബീറിനെ ഏപ്രില്‍ 23 നും അബ്ദുള്‍ ലത്തീഫിനെ ഏപ്രില്‍ 26 നും 108 ആംബുലന്‍സുകളില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് കബീറിന് മാര്‍ച്ച് 27 നും അബ്ദുള്‍ ലത്തീഫിന് ഏപ്രില്‍ 30 നുമാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കും നിരന്തരമുള്ള സാമ്പിള്‍ പരിശോധനകള്‍ക്കും ശേഷം മെയ് നാലിനാണ് ഇരുവരും രോഗമുക്തരായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്.

ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ പ്രത്യേക ആംബുലന്‍സുകളിലാണ് ഇവരെ വീടുകളിലേയ്ക്ക് അയച്ചത്. വീട്ടിലെത്തിയാലും ആരോഗ്യ ജാഗ്രത ഉറപ്പാക്കി സ്വയം നിരീക്ഷണം തുടരണം. എം. ഉമ്മര്‍ എം.എല്‍.എ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി. ശശി, കോവിഡ് സര്‍വൈലന്‍സ് ഓഫീസറും മെഡിക്കല്‍ കോളജ് സൂപ്രണ്ടുമായ ഡോ. കെ.വി. നന്ദകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. ഷിനാസ് ബാബു തുടങ്ങിയവര്‍ ഇവരെ യാത്രയാക്കാനെത്തിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെ റെഡ് ക്രോസ് പ്രവര്‍ത്തകര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ഇവര്‍കൂടി മടങ്ങിയതോടെ ജില്ലയില്‍ കോവിഡ് ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയവര്‍ 20 ആയി. കീഴാറ്റൂര്‍ പൂന്താനം സ്വദേശി രോഗം ഭേദമായി തുടര്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
 

date