അക്ഷരവൃക്ഷം പദ്ധതിയില്‍ താനൂര്‍ ഉപജില്ല സംസ്ഥാനത്ത് ഒന്നാമത്
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ സര്‍ഗാത്മകത പ്രോത്സാഹിപ്പിക്കാനും സാഹിത്യരചനകള്‍ പ്രസിദ്ധീകരിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ 'അക്ഷരവൃക്ഷം' പദ്ധതിയില്‍ 2348 രചനകള്‍ ചേര്‍ത്തുകൊണ്ട് താനൂര്‍ ഉപജില്ല സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തെത്തി. 2142 രചനകള്‍ ചേര്‍ത്ത തിരുവനന്തപുരം നോര്‍ത്ത് ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ സര്‍ഗശേഷികള്‍ പരിപോഷിപ്പിക്കുന്നതിനായാണ് പൊതുവിദ്യാഭ്യാസവകുപ്പ് 'അക്ഷരവൃക്ഷം' എന്ന പദ്ധതി സംഘടിപ്പിച്ചത്. ഒന്നു മുതല്‍ പ്ലസ്ടു വരെ ക്ലാസുകളിലെ കുട്ടികളാണ് കഥകളും കവിതകളും ലേഖനങ്ങളുമായി കോവിഡ് ദുരിതകാലത്തെ അതിജീവനചരിത്രം ഈ പരിപാടിയിലൂടെ അനശ്വരമാക്കിയത്. വിദ്യാഭ്യാസവകുപ്പിന് വേണ്ടി കൈറ്റ് നിര്‍മിച്ച സ്‌കൂള്‍ വിക്കിയിലാണ് രചനകള്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള 'അക്ഷരവൃക്ഷം' മൊഡ്യൂള്‍ തയ്യാറാക്കിയത്.
കുട്ടികള്‍ തയ്യാറാക്കുന്ന രചനകള്‍ ക്ലാസ് അധ്യാപകര്‍ പരിശോധിച്ച് പ്രസിദ്ധീകരണയോഗ്യമെന്ന് കണ്ടാല്‍ സ്‌കൂള്‍ വിക്കിയില്‍ അപ് ലോഡ് ചെയ്യും. സംസ്ഥാനത്താകെ അരലക്ഷം രചനകളാണ് ഇത്തരത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. എസ്.സി.ഇ.ആര്‍.ടി. ഇതിലെ മികച്ച രചനകള്‍ രണ്ട് വാല്യങ്ങളിലായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
താനൂര്‍ ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 347 കഥകളും 1213 കവിതകളും 788 ലേഖനങ്ങളുമാണ് ഇതിനകം 'അക്ഷരവൃക്ഷ'ത്തില്‍ ഇടംപിടിച്ചത്. ഉപജില്ലാ വിദ്യാഭ്യാസഓഫീസര്‍ കെ.പി.രമേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേകം വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും അതിലൂടെ നിരന്തരം കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഉപജില്ലയുടെ ചാര്‍ജുള്ള കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ വി.പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ എല്ലാ സ്‌കൂളുകളിലെയും ഐ.ടി. കോഡിനേറ്റര്‍മാരും പ്രധാനാധ്യാപകരും നല്‍കിയ മികച്ച പിന്തുണ സംസ്ഥാനതലത്തില്‍ ഒന്നാമതെത്തുന്നതിന് സഹായകരമായി.
- Log in to post comments