Skip to main content

കോവിഡ് കെയര്‍ സെന്ററുകളുടെ സജ്ജീകരണങ്ങള്‍ വിലയിരുത്തി തിരുവല്ലയിലെ സജ്ജീകരണങ്ങള്‍ മികച്ചത്: അഡ്വ. മാത്യു.ടി തോമസ് എംഎല്‍എ

കോവിഡ് പ്രതിരോധത്തില്‍ തിരുവല്ല നിയോജക മണ്ഡലം മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നും തിരുവല്ല മണ്ഡലത്തില്‍ എത്തുന്നവര്‍ക്കായുള്ള കോവിഡ് കെയര്‍ സെന്ററുകളുടെ സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ തിരുവല്ല റവന്യു ഡിവിഷണല്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവല്ല താലൂക്കിന് കീഴില്‍ 313 മുറികളും, മല്ലപ്പള്ളി താലൂക്കില്‍ 12 കേന്ദ്രങ്ങളും തയാറായിട്ടുണ്ട്. മറ്റ് സെന്ററുകള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായും തിരഞ്ഞെടുത്തിട്ടുണ്ട്.
മണ്ഡലത്തില്‍ ഇതുവരെ കോവിഡ് പോസിറ്റീവ് കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റവന്യു, ആരോഗ്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഈ മികവിന്റെ കാരണം. എന്നാല്‍, മൂന്നാം ഘട്ടത്തില്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും എംഎല്‍എ പറഞ്ഞു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുവാന്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയും ആരോഗ്യ പ്രവര്‍ത്തകരെയും ചേര്‍ത്ത് സംയുക്ത യോഗം ചേരാന്‍ തീരുമാനിച്ചു.  ഇതര സംസ്ഥാനത്ത് നിന്നും എത്തിയതും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതുമായ ആളുകളെ ഉടന്‍ കോവിഡ് കെയര്‍ സെന്ററുകളിലെത്തിക്കും. മണ്ഡലത്തില്‍ കൂടുതല്‍ കോവിഡ് കെയര്‍ സെന്ററുകള്‍ കണ്ടെത്തും. എല്ലാ സെന്ററുകളിലെയും പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. വില്ലേജ് ഓഫീസര്‍മാര്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി പരിശോധിക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു.
തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, തിരുവല്ല തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ്, മല്ലപ്പള്ളി തഹസില്‍ദാര്‍ ടി എ മധുസൂദനന്‍ നായര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date