വീണാ ജോര്‍ജ് എംഎല്‍എയുടെ ഇടപെടല്‍; 18 മണിക്കൂര്‍ വനത്തില്‍ കുടുങ്ങിയ മലയാളി സംഘം കേരളത്തിലെത്തി
കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയില്‍ നിന്ന് പുറപ്പെട്ട 24 മലയാളികള്‍ അടങ്ങിയ സംഘം ബന്ദിപ്പൂര്‍ വനമേഖലയില്‍ കുടുങ്ങിയത് 18 മണിക്കൂര്‍. വീണാ ജോര്‍ജ് എംഎല്‍എ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സംഘത്തെ കേരളത്തിലെത്തിച്ചു. പത്തനംതിട്ട ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ ബസിലുണ്ടായിരുന്നു.
വെള്ളിയാഴ്ച രാത്രി ഒന്‍പതിന്് കല്‍ബുര്‍ഗിയിയില്‍ നിന്നാണ് 24 മലയാളികള്‍ അടങ്ങുന്ന സംഘം കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ കേരളത്തിലേക്ക് പുറപ്പെട്ടത്. പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍കളുടെ മൂന്നു വയസുള്ള കുട്ടിയടക്കം, മെഡിക്കല്‍ വിദ്യാര്‍ഥികളും, അധ്യാപകരും സംഘത്തിലുണ്ടായിരുന്നു. ബസിലുണ്ടായിരുന്ന നാലു പേര്‍ക്ക് മാത്രമാണ് പാസ് ഉണ്ടായിരുന്നത്. ശനിയാഴ്ച വൈകുന്നേരം ബന്ദിപ്പൂര്‍ വനമേഖലയ്ക്ക് അടുത്ത് കര്‍ണാടക പോലീസ് ബസ് തടഞ്ഞു. എല്ലാവര്‍ക്കും പാസില്ലാതെ ബസ് കടത്തി വിടില്ലെന്ന് അവര്‍ പറഞ്ഞു. ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലമായിരുന്നു.
ഇടയ്ക്ക് റേഞ്ച് ഉണ്ടെന്ന് തെളിയുമ്പോള്‍ പലരെയും വിളിച്ച് സഹായം അഭ്യര്‍ഥിച്ചു. പക്ഷേ ഫലമുണ്ടായില്ല.
ഞായറാഴ്ച രാവിലെ പത്തനംതിട്ട സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ വീട്ടുകാര്‍ വീണാ ജോര്‍ജ് എംഎല്‍എയുമായി ഫോണില്‍ ബന്ധപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന പത്തനംതിട്ട ജില്ലക്കാരിയായ അധ്യാപികയും എംഎല്‍എയെ ഫോണില്‍ വിളിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ഉടന്‍ തന്നെ ബന്ധപ്പെട്ട എംഎല്‍എ, വിഷയത്തില്‍ അടിയന്തര ഇടപെടല്‍ തേടി. പ്രാഥമികാവശ്യങ്ങള്‍പോലും നിര്‍വഹിക്കാന്‍ നിര്‍വാഹമില്ലാതെ ബുദ്ധിമുട്ടിയ സ്ത്രീകളടങ്ങുന്ന സംഘത്തിന്റെയും, കുഞ്ഞിന്റെയും കാര്യം എംഎല്‍എ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അരമണിക്കൂറിനുള്ളില്‍ താല്‍ക്കാലിക പാസ് അനുവദിക്കപ്പെട്ടു. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസില്‍ തന്നെ സംഘം എറണാകുളത്തെത്തി. പത്തനംതിട്ട സ്വദേശികളായ ഏഴു പേരും, കണ്ണൂര്‍, കൊല്ലം തുടങ്ങി വിവിധ ജില്ലകളില്‍നിന്ന് ഉള്ളവരും ബസിലുണ്ടായിരുന്നു.
- Log in to post comments