ആദ്യഘട്ടത്തില്‍ ജില്ലയില്‍ എത്തിയത് 23 പ്രവാസികള്‍: 10 പേര്‍ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍
ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് വിമാനങ്ങളിലായി കരിപ്പൂരില്‍ എട്ടു പേരും നെടുമ്പാശ്ശേരിയില്‍ 15 പേരുമായി 23 പാലക്കാട്ടുകാര്‍ പുലര്‍ച്ചെ നാലോടെ വിമാനത്താവളങ്ങളിലെ പരിശോധനയ്ക്ക് ശേഷം ജില്ലയില്ലെത്തി. ഇതില്‍ എട്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമുള്‍പ്പടെ 10 പേരെ ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭിണികള്‍, കുട്ടികള്‍ തുടങ്ങിയവര്‍ പ്രത്യേകമായി വീടുകളില്‍ നിരീക്ഷണത്തില്‍ തുടരും. വിമാനത്താവളങ്ങളില്‍ നിന്ന് പ്രത്യേകം സജ്ജീകരിച്ച കെ.എസ്.ആര്‍.ടി.സി ബസുകളിലാണ് ഇവര്‍ നാട്ടിലേക്കെത്തിയത്.
ഭക്ഷണം നഗരസഭയുടെ നേതൃത്വത്തില്‍
ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 10 പേര്‍ക്കും ചെര്‍പ്പുളശ്ശേരി നഗരസഭയുടെ നേതൃത്വത്തിലാണ് ഭക്ഷണം എത്തിക്കുന്നത്. ഇന്ന് രാവിലെ മുതല്‍ ഭക്ഷണ വിതരണം ആരംഭിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക ഭക്ഷണം ആവശ്യമുണ്ടെങ്കില്‍ നേരത്തെ ആവശ്യപ്പെടുന്ന പക്ഷം ലഭ്യമാക്കുമെന്ന് നിരീക്ഷണ ചുമതലയിലുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു. നോമ്പ് കാലമായതിനാല്‍ പ്രാര്‍ത്ഥനയ്ക്കും നോമ്പ് തുറക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ഇവര്‍ക്ക് ബന്ധുക്കളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ഇപ്പോള്‍ സാധിക്കില്ല.
ഓരോരുത്തര്‍ക്കും പ്രത്യേകം സജ്ജീകരിച്ച മുറി.
നിരീക്ഷണത്തില്‍ കഴിയുന്ന 10 പേരെയും പ്രത്യേകം സജ്ജീകരിച്ച ടോയ്ലറ്റ് സൗകര്യമുള്ള 10 മുറികളിലായാണ് താമസിപ്പിച്ചിരിക്കുന്നത്. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഉള്‍പ്പടെയുള്ള അത്യാവശ്യ സൗകര്യങ്ങളെല്ലാം ഓരോ മുറിയിലും സജ്ജീകരിച്ചിട്ടുണ്ട്. ഇവരുടെ സുരക്ഷയ്ക്കായി രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍, നാല് പോലീസ്, നാല് വൊളന്റിയര്‍മാര്‍ എന്നിവരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. പരിശോധനയ്ക്ക് ഡോക്ടറുടെ സേവനവും ലഭിക്കും
- Log in to post comments