Skip to main content

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചാലക്കുടിയിൽ കൃഷി വ്യാപിപ്പിക്കും

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ ചാലക്കുടി നിയോജകമണ്ഡലത്തിൽ കൃഷി കാർഷികവൃത്തികളും വ്യാപകമാക്കാൻ ബി ഡി ദേവസ്സി എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു. കാർഷിക മേഖലയിൽ പുതിയ മാറ്റം കൊണ്ടുവരുന്നതിനും ഭക്ഷ്യോത്പാദന മേഖലയിൽ വർദ്ധനവിനുമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
തരിശ് ഭൂമിയിൽ കൃഷി ചെയ്യുന്നതിന് വേണ്ട പ്രോത്സാഹനം നൽകുക, ഇടവിള കൃഷിയ്ക്ക് പ്രാധാന്യം നൽകുക, വീട്ടുവളപ്പിലെ കൃഷി, ഞാറ്റുവേല ചന്ത, ഫലവർഗ വിളകളുടെ നടീൽ വസ്തുക്കളുടെ വിതരണം എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. കൃഷിയുമായി ബന്ധപ്പെട്ട കർഷകരുടെ സംശയങ്ങൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിന് കൃഷി പാഠശാലകൾ രൂപീകരിക്കും. കൃഷിവകുപ്പിന് പുറമെ ക്ഷീര വികസനം, മൃഗ സംരക്ഷണം, ഫിഷറീസ്, തദ്ദേശസ്വയംഭരണം, സഹകരണ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിൽ കൊണ്ടുവരും. ഇതിനായി പഞ്ചായത്ത് തലത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിക്കും. ഓരോ പദ്ധതികൾക്കും വകുപ്പുതല സബ്സിഡികളും ബാങ്ക് വായ്പയും ലഭ്യമാക്കും. കൃഷി ഭവന് കീഴിൽ വരുന്ന തരിശു ഭൂമിയിൽ കൃഷിയിറക്കുന്നതിന് പഞ്ചായത്ത് തലത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർ അധ്യക്ഷന്മാരായ കമ്മിറ്റി രൂപീകരിക്കും. ഇതിൽ കൃഷി ഓഫീസർ കൺവീനറായിരിക്കും.
വാർഡ് മെമ്പർമാർ, കുടുംബശ്രീ ചെയർപേഴ്സൺ, കർഷക പ്രതിനിധികൾ തുടങ്ങിയവർ അംഗങ്ങളായിരിക്കും. ഫാം പ്ലാൻ തയ്യറാക്കൽ, കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കൽ, ജലസേചന സൗകര്യം, കാർഷിക ഉത്പന്നങ്ങളുടെ പ്രാദേശിക സംഭരണം തുടങ്ങിയ കാര്യങ്ങളിൽ കമ്മിറ്റി തീരുമാനമെടുക്കും. യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ജയന്തി പ്രവീൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഷീജു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എൽസി അഗസ്റ്റിൻ, ഫിഷറീസ് പ്രൊജക്റ്റ് ഓഫീസർ ജോമോൾ, ഡയറി എക്സ്റ്റൻഷൻ ഓഫീസർ പി എഫ് സെബിൻ തുടങ്ങിയവർ പങ്കെടുത്തു.  

 

date