Skip to main content

എടവിലങ്ങിൽ 'തളിർ'ക്കുന്നു അടുക്കളത്തോട്ടങ്ങൾ

എടവിലങ്ങ് പഞ്ചായത്തിലെ എല്ലാ വീടുകളിലും അടുക്കളതോട്ടമെന്ന ലക്ഷ്യവുമായി മുന്നേറുകയാണ് 'തളിർ' കൂട്ടായ്മ. ഓരോ വീട്ടിലും അടുക്കളതോട്ടം നിർമ്മിച്ച് അതിലെ വിളകൾ പ്രതിഫലം വാങ്ങാതെ പരസ്പരം കൈമാറികൊണ്ട് കൂടുതൽ വീടുകളിലേക്ക് കൃഷിയെ വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യം. പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ മൂന്ന് വർഷം മുമ്പാണ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കൂട്ടായ്മയ്ക്ക് രൂപം കൊടുത്തത്. വാർഡിലെ 95 ശതമാനം വീടുകളിലും പച്ചക്കറി തോട്ടങ്ങളായിക്കഴിഞ്ഞു. കോവിഡ് 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യക്ഷാമം മുന്നിൽ കണ്ട് മൂന്ന് ഘട്ടങ്ങളിലായി നടീൽ വസ്തുക്കളും വിതരണം ചെയ്തു. വെണ്ട, തക്കാളി, വഴുതന, മത്തൻ, കുമ്പളം, ചീര, ചുരക്ക, പടവലം, മുളക് തുടങ്ങിയവയാണ് കൂടുതൽ കൃഷി ചെയ്ത്.
ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ മഞ്ഞൾ കൃഷിയ്ക്കും തുടക്കം കുറിച്ചു. ആദ്യ മഞ്ഞൾ നടീൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവഹിച്ചു. എടവിലങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി തങ്കപ്പൻ, വാർഡ് മെമ്പർ സുമാവത്സൻ തുടങ്ങിയവർ പങ്കെടുത്തു.

date