Skip to main content

ചച-മച' ക്യാമ്പയിനുമായി കുടുംബശ്രീ തൃശൂർ ജില്ലാമിഷൻ

കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലം ഫലപ്രദമായി വിനിയോഗിച്ച് പരിസ്ഥിതി ദിനത്തിലേക്കായി മരത്തൈകൾ മുളപ്പിക്കാൻ ജില്ലാ കുടുംബശ്രീ മിഷൻ. 'ചച-മച' (ചക്കക്കുരു ചലഞ്ച് - മാങ്ങയണ്ടി ചലഞ്ച്) എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക ക്യാമ്പയിനുമായി മുന്നിട്ടിറങ്ങി മാതൃകയാവുകയാണ് കുടുംബശ്രീ തൃശൂർ ജില്ലാമിഷൻ. ജില്ലയിലെ 24,698 അയൽക്കൂട്ടങ്ങളെയും പങ്കെടുപ്പിച്ച് പദ്ധതി നടപ്പിലാക്കാനാണ് കുടുംബശ്രീ തൃശൂർ ജില്ലാമിഷൻ ലക്ഷ്യമിടുന്നത്. ചക്കത്തൈയും മാവിൻതൈയുമാണ് അയൽക്കൂട്ടങ്ങൾ മുളപ്പിക്കുക. ഇങ്ങനെ മുളപ്പിച്ച തൈകൾ പരിസ്ഥിതി ദിനമായ ജൂൺ 5 ന് നടും. മാർച്ച് ഏഴിനാണ് ക്യാമ്പയിൻ തുടങ്ങിയത്.
ഇപ്പോൾ സുലഭമായി ലഭിക്കുന്ന ചക്കക്കുരുവും മാങ്ങയും കവറിലാക്കി വിത്ത് മുളപ്പിക്കുകയാണ് ചക്കക്കുരു ചലഞ്ചിലും മാങ്ങയണ്ടി ചലഞ്ചിലും അയൽക്കൂട്ട അംഗങ്ങൾ ചെയ്യേണ്ടത്. ഇത്തരത്തിൽ എല്ലാ അയൽക്കൂട്ട അംഗങ്ങളുടെയും വീടുകളിൽ വിത്ത് മുളപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അധികം സാമ്പത്തിക ചിലവില്ലാതെ അയൽക്കൂട്ട അംഗങ്ങളുടെ നേതൃത്വത്തിൽ സ്വാഭാവികമായി പ്ലാവിന്റെയും മാവിന്റെയും നാടൻ തൈകൾ ഉല്പാദിപ്പിക്കാനാണ് ഈ ക്യാമ്പയിനിലൂടെ കുടുംബശ്രീ തൃശൂർ ജില്ലാമിഷൻ ലക്ഷ്യമിടുന്നത്. പ്രകൃതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ പ്രസക്തി അടിവരയിടുന്നതിനൊപ്പം ഈ ലോക്ക് ഡൗൺ കാലം ഫലപ്രദമായി പ്രയോജനപ്പെടുത്താൻ അയൽക്കൂട്ടങ്ങളോട് ആഹ്വാനം ചെയ്യുകയാണ് കുടുംബശ്രീ തൃശൂർ ജില്ലാമിഷൻ.

date