Skip to main content

പ്രവാസികളുടെ തിരിച്ചുവരവ്: നിരീക്ഷണത്തിലുളളത് 2789 പേർ

വിദേശരാജ്യങ്ങളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നുമായി ജില്ലയിലേക്ക് തിരിച്ചെത്തി നിരീക്ഷണത്തിൽ കഴിയുന്നത് 2789 പേർ. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾ, കൊച്ചി തുറമുഖം എന്നിവ വഴിയും മുൻകൂർ പാസ് ലഭിച്ച് റോഡുമാർഗ്ഗവും ഇതുവരെ ജില്ലയിലേക്ക് തിരിച്ചെത്തിയവരുടെ കണക്കാണിത്. ഇതിൽ വിദേശരാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയത് 333 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്നുളളവർ 2456 പേരുമാണ്. വിദേശത്ത് നിന്ന് എത്തിയവരിൽ 153 പേർ സ്ഥാപനങ്ങളിലും 180 പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്. മറ്റുസംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവരിൽ 540 പേരാണ് കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുളളത്. 1916 പേർ വീടുകളിലുമുണ്ട്. വിദേശമലയാളികളെ താമസിപ്പിക്കുന്നതിനായി 4 കേന്ദ്രങ്ങളാണ് ജില്ലയിൽ ഇതിനകം ഉപയോഗപ്പെടുത്തുന്നത്. തൃശൂർ ഗരുഡ എക്‌സ്പ്രസ് ഹോട്ടൽ, കില, മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം, ഗുരുവായൂർ സ്റ്റെർലിംഗ് ഗേറ്റ്‌വേ ഹോട്ടൽ എന്നിവയാണവ. ഇവയിലെല്ലാമായി 99 പുരുഷൻമാരും 27 സ്ത്രീകളും 27 കുട്ടികളും നിരീക്ഷണത്തിൽ കഴിയുന്നു. ഒട്ടാകെ 35 കേന്ദ്രങ്ങളായിലായാണ് നിരീക്ഷണത്തിലുളള പ്രവാസികളെ ഇപ്പോൾ താമസിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ക്വാറന്റീൻ കേന്ദ്രങ്ങളായി ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ 896 മുറികൾ സജ്ജമാണ്. ഇതിൽ 486 മുറികൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പേർ സ്ഥാപനനിരീക്ഷണത്തിൽ കഴിയുന്നത് തൃശൂർ താലൂക്കിലാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവരുടെ നിരീക്ഷണം സംബന്ധിച്ച ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചു. നമ്പർ: 9496046011.

date