Skip to main content

ഡെങ്കിപ്പനി: ജാഗ്രത പാലിക്കണം - ജില്ലാ കലക്ടര്‍

ജില്ലയില്‍ ഡെങ്കിപ്പനിക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. വീടും പരിസരവും എന്നും വൃത്തിയായി സൂക്ഷിക്കണം. ചിരട്ടകള്‍, കുപ്പി, പാത്രങ്ങള്‍, ചട്ടികള്‍ തുടങ്ങിയവ നീക്കം ചെയ്യുകയോ കമിഴ്ത്തി വയ്ക്കുകയോ ചെയ്യണം.
ഉപയോഗ ശൂന്യമായ ടയറുകള്‍ വലിച്ചെറിയരുത്. അവയില്‍ മണ്ണിട്ട് നിറക്കുകയോ അല്ലങ്കില്‍ ഫലപ്രദമായി മറ്റു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയോ ചെയ്യണം. പൂച്ചെട്ടികളുടെ അടിയിലുള്ള ട്രേകളിലുള്ള വെള്ളം നീക്കം ചെയ്യുകയോ ആന്റി ലാര്‍വല്‍  ആയ പദാര്‍ഥങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യണം.
നിരന്തരം ഉപയോഗിക്കാത്ത കക്കൂസുകളുടെ വാട്ടര്‍ സീല്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും ഫ്ളഷ് ചെയ്തു കൂത്താടികളെ നശിപ്പിക്കണം. ഫ്രിഡ്ജില്‍ നിന്നും ഡിഫ്രോസ്റ്റ് ചെയ്തു ശേഖരിക്കപ്പെടുന്ന വെള്ളം ആഴ്ചയില്‍ ഒരിക്കലെങ്കിലും നിര്‍ബന്ധമായും നീക്കം ചെയ്യണം. 

ഡെങ്കിപ്പനി - ലക്ഷണങ്ങള്‍
വിട്ടുമാറാത്ത പനി, ഭയങ്കര ക്ഷീണം, തലവേദന, കണ്ണിന്റെ പിന്‍ ഭാഗത്തുള്ള വേദന ( Retro orbital pain    ), അസ്ഥികള്‍ക്കുണ്ടാകുന്ന കഠിനമായ വേദന (Break bone pain    ), ശരീരത്തില്‍ തൊടുമ്പോള്‍ ഉണ്ടാകുന്ന ചുവന്നു നീലിച്ച പാടുകള്‍, ഛര്‍ദില്‍, മലം, മൂത്രം എന്നിവയില്‍ രക്തസ്രാവത്തിന്റെ ലക്ഷണങ്ങള്‍, സ്ത്രീകളില്‍ മാസമുറ സമയത്ത് അമിതമായ രക്തസ്രാവമോ പതിവിലും മുന്നേയുള്ള ആര്‍ത്തവ മോ അനുഭവപ്പെടുക എന്നിവയാണ് സാധാരണ കാണപ്പെടുന്ന ഡെങ്കിപ്പനിയുടെ ( Classical Dengue Fever    ) ലക്ഷണങ്ങള്‍.
ഡെങ്കിപ്പനി ബാധിച്ച ഒരാള്‍ക്ക് വീണ്ടും വന്നാല്‍ തീവ്രമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. മുകളില്‍ പറഞ്ഞ ലക്ഷണങ്ങളോടൊപ്പം അന്തരാവയവങ്ങളിലും വായ, മൂക്ക്, കണ്ണ്, തൊലിപ്പുറം എന്നിവിടങ്ങളിലും രക്തസ്രാവം ഉണ്ടാകും ഇതാണ് ഡെങ്കി ഹെമിറേജ് ഫീവര്‍. രോഗം മൂര്‍ച്ഛിക്കുകയോ മറ്റൊരിക്കല്‍ ആവര്‍ത്തിച്ച് വരുകയോ ചെയ്താല്‍ രക്ത പര്യയന വ്യവസ്ഥ പൂര്‍ണ സ്തംഭനത്തിലാക്കുകയും രോഗി മരണപ്പെടുകയും ചെയ്യും. ഡെങ്കിപ്പനിക്ക് കാരണമായ ആര്‍ബോ വൈറസുകള്‍ ടൈപ്പ് 1, 2, 3, 4 എന്നിങ്ങനെ നാലു തരത്തില്‍ കാണപ്പെടുന്നു. ഡെങ്കിപ്പനി വൈറസിനെതിരെ ശരീരം ആന്റിബോഡി നിര്‍മിക്കുകയും പ്രതിരോധശേഷി നേടുകയും ചെയ്യും. എന്നാല്‍ വ്യത്യസ്ത (4 ഇനങ്ങളില്‍ ഓരോന്നും) വൈറസുകളാണ് ഓരോ തവണയും അക്രമിക്കുന്നതെങ്കില്‍ വീണ്ടും ഡെങ്കിപ്പനി വരുകയും ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യും. അതുകൊണ്ടാണ് ഡെങ്കിക്കെതിരെ ശരീരം ആജീവനാന്ത പ്രതിരോധ ശേഷി ആര്‍ജിക്കുമെങ്കിലും ഡെങ്കിപ്പനി ചിലരില്‍ ആവര്‍ത്തിച്ച് വരുന്നതായി കാണുന്നത്.
മുന്‍കരുതലുകള്‍
സ്വയം ചികിത്സ ഒഴിവാക്കുക. ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സ നേടുന്നതിനായി എത്രയും വേഗം ആശുപത്രിയുമായി ബന്ധപ്പെടുക. ധാരാളം വെള്ളം കുടിക്കുക, വിശ്രമിക്കുക. ആസ്പിരിന്‍ പോലുള്ള മരുന്നുകള്‍ പൂര്‍ണമായും ഒഴിവാക്കുക.
    (പി.ആര്‍.കെ. നമ്പര്‍. 1356/2020)
 

date