കോവിഡ് -19: ആര്യാട് പഞ്ചായത്തിൽ മാസ്ക് വിതരണം ആരംഭിച്ചു; രണ്ടാം ഘട്ടത്തിൽ നൽകുന്നത് 45000 മാസ്‌കുകൾ
ആലപ്പുഴ : രണ്ടാം ഘട്ട കോവിഡ് 19 പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി ആര്യാട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകൾക്കുമുള്ള മാസ്ക് വിതരണം ആരംഭിച്ചു. മാസ്ക് വിതരണോദ്ഘടാനം കയർ - ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം തോമസ് ഐസക് നിർവഹിച്ചു. 45000 മാസ്‌കുകളാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. പഞ്ചായത്തിന് കീഴിലുള്ള 18 വാർഡുകളിലെയും മുഴുവൻ ആളുകൾക്കും മാസ്ക് വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കവിത ഹരിദാസ് പറഞ്ഞു. ഒന്നാം ഘട്ടത്തിൽ എല്ലാ വീടുകൾക്കും മാസ്കും സാനിറ്റിസെറും നൽകിയിരുന്നു.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ വാർഡ് തലത്തിൽ ക്വാറന്റൈൻ സപ്പോർട്ടിങ് സെന്റർ പ്രവർത്തിച്ചു വരികയാണ്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കുന്ന സെന്ററിന്റെ ചുമതല ആശാ വർക്കർക്കാണ്. പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണം, നിർദ്ദേശങ്ങൾ, ആരോഗ്യപരമായ സഹായങ്ങൾ എന്നിവയാണ് സപ്പോർട്ടിങ് സെന്റർ വഴി നൽകുന്നത്.
വിദേശ രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും പഞ്ചായത്തിൽ മടങ്ങി എത്താനുള്ളവരുടെ കണക്ക് എടുത്തിട്ടുണ്ട്. ഇവർ മടങ്ങി എത്തിയാൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ അടങ്ങിയ ലഘു ലേഖ അതാതു വീടുകളിൽ എത്തിച്ചു നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് കവിത ഹരിദാസ് പറഞ്ഞു.
- Log in to post comments