ചെന്നൈയില്‍ നിന്ന് പാലക്കാടെത്തിയ മലപ്പുറം സ്വദേശിയ്ക്കും കോവിഡ്
രോഗബാധ സ്ഥിരീകരിച്ചത് പളളിക്കല്‍ ബസാര്‍ സ്വദേശിയ്ക്ക്
ചെന്നൈയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയ്ക്ക് പാലക്കാട് ജില്ലാ ആശുപത്രിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ 44 കാരനാണ് രോഗബാധ. മറ്റ് ഒമ്പത് പേര്‍ക്കൊപ്പം യാത്രാ അനുമതിയില്ലാതെ വാളയാര്‍ ചെക്പോസ്റ്റില്‍ എത്തിയതായിരുന്നു ഇയാളെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
ചെന്നൈ കൊട്ടിപാക്കത്ത് ജ്യൂസ് കടയില്‍ ജോലിക്കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ച പള്ളിക്കല്‍ ബസാര്‍ സ്വദേശി. അവിടെ നിന്ന് മെയ് എട്ടിന് മറ്റ് ഒമ്പത് പേര്‍ക്കൊപ്പം പ്രത്യേക യാത്രാ അനുമതിയില്ലാതെ മിനി ബസില്‍ യാത്ര ആരംഭിച്ച് മെയ് ഒമ്പതിന് രാവിലെ 10.30 ന് പാലക്കാട് അതിര്‍ത്തിയിലെ വാളയാര്‍ ചെക്പോസ്റ്റില്‍ എത്തി. ഇവിടെ പരിശോധനാ ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞു. തലവേദനയും ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ട പള്ളിക്കല്‍ ബസാര്‍ സ്വദേശിയേയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കോഴിക്കോട് സ്വദേശിയേയും പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സാമ്പിള്‍ പരിശോധന നടത്തി ഇന്നലെ (മെയ് 12) ന് പള്ളിക്കല്‍ സ്വദേശിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
ഇയാള്‍ക്കൊപ്പം എത്തിയ കോഴിക്കോട് സ്വദേശി പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. മറ്റ് എട്ട് പേര്‍ മെയ് 11 ന് മലപ്പുറത്ത് തിരിച്ചെത്തി. ഇവര്‍ക്ക് പ്രത്യേക നിരീക്ഷണം ഉറപ്പാക്കിവരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പള്ളിക്കല്‍ ബസാര്‍ സ്വദേശിയുടെ സാമ്പിളെടുത്ത് ചികിത്സ നടത്തുന്നത് പാലക്കാട് ജില്ലയിലായതിനാല്‍ മലപ്പുറം ജില്ലയിലെ കോവിഡ് ബാധിതരുടെ പട്ടികയില്‍ ഇയാള്‍ ഉള്‍പ്പെടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഇതോടെ മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 26 ആയി. മെയ് ഒമ്പതിന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളായ പ്രവാസികള്‍ കോഴിക്കോട്, കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ചികിത്സയിലായതിനാല്‍ ഇവര്‍ മലപ്പുറം ജില്ലയിലെ കോവിഡ് ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. നാല് പേരാണ് ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ 21 പേര്‍ക്ക് രോഗം ഭേദമായി. ഇതില്‍ കീഴാറ്റൂര്‍ പൂന്താനം സ്വദേശി തുടര്‍ ചികിത്സയിലിരിക്കെ മരിച്ചു. 20 പേര്‍ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. നാല് മാസം പ്രായമുള്ള കുട്ടി മാത്രമാണ് രോഗബാധിതയായി ചികിത്സയിലിരിക്കെ മരിച്ചത്.
- Log in to post comments