Skip to main content

ബിരിയാണിപ്പാടത്ത് നൂറുമേനിയുടെ കരുതലിന്റെ വിളവ്

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 31,430 രൂപ നല്‍കി

 

ബിരിയാണിപ്പാടത്തെ ഈ വര്‍ഷത്തെ വിളവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായിരിക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍. അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്(നാഷണല്‍ സര്‍വീസ് സ്‌കീം) വിദ്യാര്‍ഥികളാണ് വെള്ളേരി ചാലിപ്പാടത്തെ ഒരേക്കറോളം വരുന്ന നെല്‍പാടത്ത് നിന്നുള്ള ഈ വര്‍ഷത്തെ വിളവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമ്മാനിച്ച് കരുതലിന് പുതിയ മാനം നല്‍കിയത്.  വിളവ് പൂര്‍ണമായും വിത്താക്കി ആവശ്യക്കാര്‍ക്ക് നല്‍കിയാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള തുകയായ 31,430 രൂപ സമാഹരിച്ചത്.  അടുത്ത വര്‍ഷം കൃഷി ചെയ്യാനുള്ള വിത്ത് മാറ്റിവെച്ചു ബാക്കി വന്ന നാലു ക്വിന്റലോളം നെല്‍വിത്തുകളാണ് സമീപ പ്രദേശത്തെ കര്‍ഷകര്‍ക്ക് കൃഷിക്കായി നല്‍കിയത്. തുക മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് വിദ്യാര്‍ഥികള്‍ കൈമാറി.

വയനാട്ടിലെ പാരമ്പര്യ കര്‍ഷകരില്‍ നിന്നാണ് ബിരിയാണി അരിക്കുള്ള 'ഗന്ധകശാല' ഇനത്തില്‍പ്പെട്ട  മേല്‍ത്തരം വിത്ത് ശേഖരിച്ചത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ബിരിയാണിപ്പാടത്ത് കൊയ്ത്തുത്സവവും  അരങ്ങേറിയിരുന്നു. മാര്‍ച്ച്  അവസാനം പരീക്ഷ കഴിഞ്ഞു ബിരിയാണി വിളമ്പി പിരിയാനായിരുന്നു പദ്ധതി. എന്നാല്‍ കോവിഡ് 19 വ്യാപിച്ച സാഹചര്യത്തിലാണ് വിളവിലൂടെ ലഭിച്ച തുക  ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചത്.  പ്രിന്‍സിപ്പാള്‍ കെ.ടി മുനീബ് റഹ്മാന്‍, ഹെഡ് മാസ്റ്റര്‍ സി.പി അബ്ദുല്‍ കരീം എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍  മുഹ്‌സിന്‍ ചോലയില്‍ എന്നിവര്‍ കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നു.

date