ദുരിതാശ്വാസ നിധി: തങ്ങളാലാകുന്ന സഹായവുമായി അതിഥി സംസ്ഥാന തൊഴിലാളികളും
എറണാകുളം: അന്നവും തണലും ഒരുക്കിയ നാടിന് നന്ദി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി അതിഥി സംസ്ഥാന തൊഴിലാളികൾ. വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തിൽ തൊഴിലെടുക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ലോക്ക് ഡൗൺ കാലത്ത് തങ്ങൾക്ക് എല്ലാവിധ സഹായങ്ങളും നൽകിയ നാടിനോടുള്ള നന്ദിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി എത്തിയത്.
ബംഗാൾ, ത്രിപുര സ്വദേശികളായ ചക്മ, കാളുധരൺ എന്നിവർ കളക്ട്രേറ്റിൽ മന്ത്രി വി.എസ്. സുനിൽകുമാറിന് ദുരിതാശ്വാസ നിധിയിലേക്കുള്ള 15000 രൂപയുടെ ചെക്ക് കൈമാറി. ഇവർ ഉൾപ്പെടെ വൈറ്റിലയിലെ ഷിമ്മർ കാർ ഡീറ്റൈലിംഗ് കമ്പനിയിലെ എട്ട് തൊഴിലാളികൾ ചേർന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിച്ചത്. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.ടി തോമസ്, ടി.ജെ വിനോദ്, കൊച്ചി മേയർ സൗമിനി ജെയിൻ എന്നിവർ സന്നിഹിതരായിരുന്നു.
- Log in to post comments