Skip to main content

'സുഭിക്ഷ കേരളം' :വെളിയനാട് കടവിൽ ഏഴുലക്ഷം ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെ നിക്ഷേപിച്ചു 

 

ആലപ്പുഴ: ജില്ല പഞ്ചായത്ത്, ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന 'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായി വെളിയനാട് ഗ്രാമ പഞ്ചായത്തിലെ പൊതുജലാശയത്തിൽ മത്സ്യവിത്ത് നിക്ഷേപിച്ചു. പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് പുനരുജ്ജീവിപ്പിച്ച് മത്സ്യലഭ്യത വർധിപ്പിക്കുക, കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്‌ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ  നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായാണ് തിരുവനന്തപുരം ഓടയം ഹാച്ചറിയിൽ  ഉത്പാദിപ്പിച്ച ഏഴുലക്ഷം ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെ വെളിയനാട് പഞ്ചായത്ത് കടവിൽ നിക്ഷേപിച്ചത്.

പദ്ധതിക്കായി നടപ്പു സാമ്പത്തികവർഷം ജില്ലാപഞ്ചായത്ത് 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ലോക്ക് ഡൗൺ നിബന്ധനകൾക്കനുസൃതം സാമൂഹ്യ അകലം പാലിച്ച് നടന്ന ചടങ്ങിൽ മത്സ്യവിത്ത് നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം  ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ നിർവ്വഹിച്ചു. 

വികസനകാര്യ  സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ കെ അശോകൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ്, വാർഡ് അംഗം സാബു തോട്ടുങ്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷെർളി ജോർജ്,ബിന്ദു ശ്രീകുമാർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ സുഹൈർ കെ എന്നിവർ സംബന്ധിച്ചു.

date