Skip to main content

പാഴ് വസ്തുക്കള്‍ ശേഖരണം നഗരസഭയില്‍  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമായി സംഘടിപ്പിക്കുന്നതിനോടൊപ്പം തന്നെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും, മാലിന്യ സംസ്‌കരണവും ഏറ്റെടുത്ത് കട്ടപ്പന നഗരസഭ മാതൃകയാകുന്നു. നഗരസഭാ പ്രദേശത്തെ 34 വാര്‍ഡുകളിലെ എല്ലാ വാര്‍ഡുകളില്‍ നിന്നുമുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് നഗരസഭാ ആരോഗ്യ വിഭാഗം യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അറിയിച്ചു.
മെയ് 14 ന് നഗരസഭയിലെ 34 വാര്‍ഡുകളിലുള്ള എല്ലാ ഭവനങ്ങളിലെയും പാഴ് വസ്തുക്കള്‍ നിശ്ചിത പോയിന്റുകളില്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിനാണ് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്ലാസ്റ്റിക് കാരിബാഗുകള്‍, പഴയതും ഉപയോഗ ശൂന്യമായതുമായ ബാഗുകള്‍, ചെരിപ്പുകള്‍, കുടകള്‍, തെര്‍മ്മോക്കോള്‍, പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍, ബെഡ്ഡുകള്‍, പില്ലോകള്‍, (കുപ്പി, കുപ്പിച്ചില്ലുകള്‍, പാംപറുകള്‍ ഒഴികെ) തുടങ്ങിയവയെല്ലാം എന്റെ നഗരം സുന്ദര നഗരം പരിപാടിയിലൂടെ ശേഖരിച്ച് സംസ്‌കരിക്കുന്നതിനാണ് നടപടികള്‍ സ്വീകരിക്കുന്നത്. ക്ലീന്‍ കേരള കമ്പനിക്കാണ് മാലിന്യങ്ങള്‍ കൈമാറുന്നത്. മണ്‍സൂണ്‍ സീസണ്‍ ആരംഭിക്കുന്നതോടു കൂടി കൊതുകുജന്യ രോഗങ്ങള്‍, എലിപ്പനി, മറ്റ് ജലജന്യ രോഗങ്ങള്‍ തുടങ്ങിയവ പടര്‍ന്നു പിടിക്കുവാനുള്ള സാദ്ധ്യത മുമ്പില്‍ കണ്ടാണ് നഗരസഭാ ആരോഗ്യ വിഭാഗം നടപടികള്‍ ശക്തമാക്കുന്നത്. ക്യാംപയിന്റെ ഭാഗമായ നഗരസഭാ പ്രദേശത്തെ എല്ലാ വാര്‍ഡുകളിലും ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും കോവിഡ് 19 മായി ബന്ധപ്പെട്ട ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു വാര്‍ഡുകളില്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, സന്നദ്ധസേനാ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി പാഴ് വസ്തു ശേഖരണത്തിന് നടപടികള്‍ സ്വീകരിച്ചു.
വാര്‍ഡുകളിലെ ബോധവത്കരണ പ്രവര്‍ത്തനങ്ങളും, ക്ലാസുകളും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആറ്റ്‌ലി പി.ജോണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജുവാന്‍ ഡി മേരി, വിനേഷ് ജേക്കബ്ബ്, അനുപ്രിയ കെ.എസ് എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി.
ഓരോ വാര്‍ഡിലും പാഴ് വസ്തു ശേഖരണത്തിന് 3 മുതല്‍ 5 വരെ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. കളക്ഷന്‍ സെന്ററുകളുടെ ചുമതല വാര്‍ഡ് കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ എന്നിവര്‍ നേരിട്ട് നിര്‍വ്വഹിക്കും. ഓരോ വാര്‍ഡിലും പാഴ് വസ്തുക്കള്‍ ശേഖരിക്കുന്ന സ്ഥലം, സമയം തുടങ്ങിയവ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഹരിത കര്‍മ്മസേനാ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റെസിഡെന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരടങ്ങുന്ന സമിതി തീരുമാനിച്ചിട്ടുള്ളതും എñാ ഭവനങ്ങളിലും അറിയിപ്പ് നല്‍കിയിട്ടുള്ളതുമാണ്. അന്വേഷണങ്ങള്‍ക്ക് വാര്‍ഡ് കൗണ്‍സിലര്‍മാരുമായി ബന്ധപ്പെടാം.
അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വീടൊന്നിന് ഒരു വര്‍ഷത്തേയ്ക്ക് 360 രൂപയാണ് ഈടാക്കുന്നത്. ആദ്യ തവണയായി 60 രൂപയാണ് അടയ്‌ക്കേണ്ടത്. ഒരു വര്‍ഷത്തെ തുക ഒരുമിച്ച് അടയ്ക്കുകയാണെങ്കില്‍ 300 രൂപ അടച്ചാല്‍ മതിയാകും. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആറ്റ്‌ലി പി.ജോണ്‍ എന്നിവര്‍ അറിയിച്ചു.
 

date