Skip to main content

ഹോം ക്വാറന്റൈൻ മുറികൾ സജ്ജീകരിക്കാൻ ഗുരുവായൂർ നിയോജക മണ്ഡലം

ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് തിരിച്ച് വരുന്നവർക്കായുള്ള ക്വാറന്റൈൻ മുറികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തയ്യാറാക്കാനൊരുങ്ങി ഗുരുവായൂർ നിയോജക മണ്ഡലം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെ വരുന്നവർക്ക് സ്വന്തം വീടുകളിൽ 14 ദിവസത്തെ ഹോം ക്വാറന്റൈനാണ് സർക്കാർ തീരുമാനം. എന്നാൽ വീട്ടിലെ മറ്റുള്ളവരുടെ കൂടി സുരക്ഷയെ മുൻനിർത്തി മുറിയോട് ചേർന്ന് ബാത്റൂം നിർബന്ധമാണ്. അത്തരം സൗകര്യങ്ങളില്ലാത്ത വീടുകളിലേക്ക് വരുന്നവർക്ക് കൃത്യമായ ഹോം ക്വാറന്റൈൻ ഉറപ്പ് വരുത്തുന്നതിനായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സൗകര്യമൊരുക്കാൻ തീരുമാനിച്ചത്. ചാവക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ കെ. വി അബ്ദുൾഖാദർ എംഎൽഎയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
ഹോം ക്വാറന്റൈൻ സൗകര്യമില്ലാത്ത പഞ്ചായത്തുകളിൽ അതിനായുള്ള കേന്ദ്രങ്ങൾ കണ്ടെത്താൻ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് എംഎൽഎ നിർദ്ദേശം നൽകി. അതിനായി പഞ്ചായത്തിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ എന്നിവ ഉപയോഗിക്കാം. ട്രെയിൻ, ആഭ്യന്തര വിമാന സർവീസ് എന്നിവ പുനഃസ്ഥാപിച്ച സ്ഥിതിക്ക് കൂടുതൽ ആളുകൾ തിരിച്ചുവരാൻ സാധ്യതയുണ്ടെന്നും കാര്യങ്ങൾ കൃത്യമായ നിയന്ത്രണങ്ങളിലായിരിക്കണമെന്നും യോഗം ഓർമ്മിപ്പിച്ചു. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ ആരോഗ്യ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് അതത് പഞ്ചായത്തുകൾ ഉറപ്പുവരുത്തണം. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമാണ് ഹോം ക്വാറന്റൈനായി അയയ്ക്കുക. അതിനാൽ ആശങ്കകൾ ഒഴിവാക്കി ക്വാറന്റൈനിൽ കഴിയുന്നവർക്ക് മാനസിക പിന്തുണയും സഹകരണവും നാട്ടുകാർ നൽകണമെന്ന് എംഎൽഎ പറഞ്ഞു.
ഇതര സംസ്ഥാനങ്ങളിൽ നിന്നും ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 222 പേരാണ് തിരിച്ചെത്തിയത്. ഗുരുവായൂർ നഗരസഭയിൽ 20 പേരും ചാവക്കാട് നഗരസഭയിലെ 34 ആളുകളാണ് എത്തിയിട്ടുള്ളത്. പഞ്ചായത്തുകളിൽ വടക്കേകാട് 32, പുന്നയൂർ 48, ഏങ്ങണ്ടിയൂർ 21, ഒരുമനയൂർ 14, പുന്നയൂർകുളം 33, കടപ്പുറം 20 എന്നിങ്ങനെയും ആളുകൾ എത്തിയിട്ടുണ്ട്. പോലീസ്, ആരോഗ്യപ്രവർത്തകർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചേർന്ന് എല്ലാ പഞ്ചായത്തുകളും സ്ഥിരം സമിതി യോഗം ചേർന്ന് കാര്യങ്ങൾക്ക് തീരുമാനം ഉണ്ടാക്കാനും യോഗം നിർദ്ദേശിച്ചു. ചർച്ചയിൽ ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ എം. രതി, ചാവക്കാട് നഗരസഭ ചെയർമാൻ എൻ. കെ അക്ബർ, ഗുരുവായൂർ നിയോജകമണ്ഡലത്തിന് കീഴിലുള്ള എല്ലാ പഞ്ചായത്തുകളിലെയും പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

date