കോവിഡ് 19: കുവൈത്തില്‍ നിന്ന് 155 പേരും ജിദ്ദയില്‍ നിന്ന് 152 പേരും ഇന്ന് (മെയ് 13) കരിപ്പൂരില്‍ തിരിച്ചെത്തും
പ്രവാസികളെ സ്വീകരിയ്ക്കാന്‍ വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
കോവിഡ് ആശങ്കകള്‍ക്കിടെ കുവൈത്തില്‍ നിന്നും ജിദ്ദയില്‍ നിന്നുമായി 307 പ്രവാസികള്‍ ഇന്ന് (മെയ് 13) കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. കുവൈത്തില്‍ നിന്നുള്ള ഐ.എക്സ് - 394 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 10 നും ജിദ്ദയില്‍ നിന്നുള്ള എ.ഐ - 960 എയര്‍ ഇന്ത്യ വിമാനം പുലര്‍ച്ചെ 12.05 നും (മെയ് 14) കരിപ്പൂരിലെ റണ്‍വേയിലിറങ്ങും. 12 ജില്ലകളില്‍ നിന്നുള്ള 155 യാത്രക്കാര്‍ കുവൈത്തില്‍ നിന്നുള്ള വിമാനത്തിലുണ്ടാകും. 11 ജില്ലകളില്‍ നിന്നുള്ള 150 പേരും ഒരു മാഹി സ്വദേശിയും ഒരു കര്‍ണ്ണാടക സ്വദേശിയും ജിദ്ദ വിമാനത്തിലുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുവൈത്തില്‍ നിന്നുള്ള സംഘത്തില്‍ പത്ത് വയസ്സിനു താഴെ പ്രായമുള്ള 27 കുട്ടികളും 29 ഗര്‍ഭിണികളുമുണ്ടാകുമെന്നാണ് വിവരം. രണ്ട് മുതിര്‍ന്ന പൗരന്മാരേയും ചികിത്സാര്‍ഥമെത്തുന്ന 34 പേരുമുണ്ടാകും. ജിദ്ദയില്‍ നിന്നുള്ള യാത്രക്കാരില്‍ പത്ത് വയസ്സിനു താഴെ പ്രായമുളള 19 കുട്ടികളും 42 ഗര്‍ഭിണികളും ഒരു മുതിര്‍ന്ന പൗരനുമുണ്ടാകുമെന്നാണ് വിവരം. ചികിത്സക്കായി എത്തുന്ന 41 പ്രവാസികളേയും ജിദ്ദയില്‍ നിന്നുള്ള വിമാനത്തിലുണ്ടാകും.
കുവൈത്തില്‍ നിന്നുള്ള വിമാനത്തിലെ യാത്രക്കാരില്‍ 37 പേര്‍ മലപ്പുറം ജില്ലക്കാരാണ്. ആലപ്പുഴ - രണ്ട്, എറണാകുളം - നാല്, ഇടുക്കി - ഒന്ന്, കണ്ണൂര്‍ ആറ്, കാസര്‍കോഡ് - ആറ്, കൊല്ലം - രണ്ട്, കോഴിക്കോട് - 77, പാലക്കാട് - 13, പത്തനംതിട്ട - മൂന്ന്, തൃശൂര്‍ - മൂന്ന്, വയനാട് - ഒന്ന് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള യാത്രക്കാരുടെ എണ്ണം.
ജിദ്ദയില്‍ നിന്ന് എത്തുന്ന വിമാനത്തില്‍ മലപ്പുറം - 95, എറണാകുളം - ഒന്ന്, കണ്ണൂര്‍ - 13, കാസര്‍കോഡ് - മൂന്ന്, കൊല്ലം - രണ്ട്, കോട്ടയം - രണ്ട്, കോഴിക്കോട് - 23, പാലക്കാട് - അഞ്ച്, തൃശൂര്‍ - രണ്ട്, വയനാട് - മൂന്ന്, തിരുവനന്തപുരം - ഒന്ന്, മാഹി - ഒന്ന്, കര്‍ണ്ണാടക - ഒന്ന് എന്നിങ്ങനെയാകും യാത്രക്കാര്‍.
രണ്ട് വിമാനങ്ങളിലായി തിരിച്ചെത്തുന്നവരെ സ്വീകരിക്കാനായി ജില്ലാ ഭരണകൂടത്തിന്റേയും വിമാനത്താവള അതോറിട്ടിയുടേയും നേതൃത്വത്തിലുളള ക്രമീകരണങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. മുഴുവന്‍ യാത്രക്കാരേയും എയ്‌റോ ബ്രിഡ്ജില്‍വച്ചുതന്നെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയരാക്കും. ഗര്‍ഭിണികളുള്ള സാഹചര്യത്തില്‍ ഗൈനക്കോളജിസ്റ്റേതുള്‍പ്പെടെ ഡോക്ടര്‍മാരുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനവും ഒരുക്കിയിട്ടുണ്ട്. 20 പേരടങ്ങുന്ന ചെറു സംഘങ്ങളായാണ് യാത്രക്കാരെ പുറത്തിറക്കുക. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കോവിഡ് - കോറന്റൈന്‍ ബോധവത്ക്കരണ ക്ലാസ് നല്‍കിയ ശേഷം അഞ്ച് കൗണ്ടറുകളിലായി ജില്ല തിരിച്ചുള്ള വിവര ശേഖരണം നടത്തും. തുടര്‍ന്ന് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനഎന്നിവയ്ക്കു ശേഷമാകും യാത്രക്കാര്‍ വിമാനത്താവളത്തിനു പുറത്തിറങ്ങുക.
പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ നേരിട്ട് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേയ്ക്കും പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ള മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഉറ്റ ബന്ധുവിന്റെ മരണത്തോടനുബന്ധിച്ച് എത്തിയവര്‍ തുടങ്ങിയവരെ നേരിട്ട് വീടുകളിലേയ്ക്കും മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും ആരോഗ്യ വകുപ്പിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ പ്രത്യേക നിരീക്ഷണത്തിനായി കൊണ്ടുപോകും.
- Log in to post comments