ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാൻ തീവ്രയത്ന പരിപാടികൾ
ഭക്ഷ്യ സ്വയംപര്യാപ്തമാകാൻ പ്രത്യേക തീവ്രയത്ന പരിപാടികളാണ് കാർഷിക സർവകലാശാല സുഭിക്ഷ കേരളം പദ്ധതിയിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. ഇതിന്റെ ഭാഗമായി വിത്ത്, നടീൽ വസ്തുക്കൾ, ജൈവ കാർഷിക ഉപാധികളുടെ ഉൽപാദനം എന്നിവ സമയബന്ധിതമായി വർദ്ധിപ്പിക്കും. പ്രാദേശിക കാർഷിക ഉൽപാദനം, തരിശ് കൃഷി തുടങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളുടെ രൂപീകരണത്തിൽ സഹായിക്കും. യുവജനങ്ങൾക്കും കൃഷിയിൽ താല്പര്യമുള്ള പ്രവാസികൾ ഉൾപ്പെടെയുള്ള സംരംഭകർക്കും, കാർഷിക, കാർഷിക അനുബന്ധ സംരംഭങ്ങളിൽ ആവശ്യമായ പരിശീലനവും കൺസൾട്ടൻസിയും നൽകും. കാർഷിക യന്ത്രവൽക്കരണത്തിൽ പരിപാലനം- കെ എ യു കൃഷി കർമ്മ സേനയുടെ പ്രവർത്തനം വിപുലപ്പെടുത്തും. 'ഭക്ഷ്യ സ്വയം പര്യാപ്തത' സന്ദേശം പ്രചരിപ്പിക്കും.
ഇതോടൊപ്പം വിത്ത് മുതൽ സംഭരണ സംസ്‌കരണ വിപണനം വരെ കേരളത്തിലെ കാർഷിക മേഖലയ്ക്ക് കൈത്താങ്ങാവുന്ന പദ്ധതിയും സർവകലാശാല മുന്നോട്ടുവെയ്ക്കുന്നു. കേരള കാർഷിക സർവ്വകലാശാലയുടെ ഗവേഷണ കേന്ദ്രങ്ങൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ എന്നിവ വഴി ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി സർവകലാശാല കേന്ദ്രങ്ങളിലെ ആഭ്യന്തര ഉത്പാദനം വർധിപ്പക്കും. കാർഷിക കാലാവസ്ഥ മേഖലകളുടെ പ്രത്യേകതകൾ അനുസരിച്ച് പഞ്ചായത്തുകൾക്ക് ഉൽപ്പാദന പദ്ധതി തയ്യാറാക്കുന്നതിന് സഹായം നൽകും.
ഓരോ കേന്ദ്രവും ഗ്രാമപഞ്ചായത്തുകൾ ദത്തെടുത്ത് കർഷകരെയും കർഷക കൂട്ടായ്മകളെയും പരിശീലിപ്പിക്കും. കർഷക പങ്കാളിത്തത്തോടെ കാർഷിക യന്ത്രവൽക്കരണത്തിനുള്ള പരിശീലനവും സാങ്കേതിക സഹായവും കാർഷിക സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങൾ വഴിയും ലഭ്യമാക്കും.
- Log in to post comments