പ്രതിരോധ വലയം തീര്‍ക്കാന്‍ മാത്രമല്ല സമ്പാദ്യത്തില്‍ നിന്നും നല്‍കാനും തയ്യാര്‍: അങ്കണവാടി പ്രവര്‍ത്തകര്‍ നല്‍കിയത് 4.67 ലക്ഷം രൂപ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ നല്കുന്ന സഹായങ്ങള്‍ തുടരുന്നു. കോവിഡ് പ്രതിസന്ധിയിലകപ്പെട്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന വേളയിലും ജില്ലയിലെ അങ്കണവാടി പ്രവര്‍ത്തകര്‍ വലിയൊരു തുകയാണ് സ്വമേധയാ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിനെതിരേ രാപ്പകലില്ലാതെ പ്രവര്ത്തിക്കുന്നതോടൊപ്പമാണ് തങ്ങളുടെ സമ്പാദ്യത്തില്‍ നിന്നും കേരളീയ ജനതക്ക് നല്കാന് തയ്യാറായത്. ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ നിന്നുള്ള അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും ഇതുവരെ 4,67,550 രൂപ കൈമാറിയതായി ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാ റാണി രഞ്ജിത് പറഞ്ഞു. ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് കാഞ്ഞങ്ങാട്, പരപ്പ ബ്ലോക്കുകളില്‍ നിന്നാണ്. കാഞ്ഞങ്ങാട് നിന്നും 46,000 രൂപയും കാഞ്ഞങ്ങാട് അഡീഷണില്‍ നിന്നും 1,02,100 രൂപയുമാണ് ലഭിച്ചത്. പരപ്പയില്‍ നിന്നും 60,600 രൂപയും പരപ്പ അഡീഷണില്‍ നിന്നും 70,600 രൂപയുമാണ് നല്‍കിയത്. നീലേശ്വരം അഡീഷണല്‍ 61,750 രൂപയും കാറഡുക്ക അഡീഷണല്‍ 61,000 രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കോവിഡ് വ്യാപനത്തിനെതിരേ പ്രതിരോധ കവചം തീര്‍ക്കുന്നതിനായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ് ഈ അങ്കണവാടി പ്രവര്‍ത്തകര്‍. കുടുംബങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചും ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെ ചേര്‍ത്തു പിടിച്ചും വയോജനങ്ങള്‍ക്കും അര്‍ബുദ രോഗികള്‍ക്കും മറ്റും ജീവന് രക്ഷാ മരുന്നുകള്‍ എത്തിച്ചു നല്‍കിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ തുടക്കം മുതല്‍ സജീവമാണ്. പ്രതിസന്ധിഘട്ടത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പ്രവര്‍ത്തിപഥത്തില്‍ നിറഞ്ഞു നിന്നു കൊണ്ട് തന്നെ തങ്ങളുടെ സമ്പാദ്യത്തില്‍ നിന്നും ഒരു പങ്ക് അശരണരുടെ കണ്ണീരൊപ്പാന്‍ നല്കി മാതൃകയായിരിക്കുകയാണ് അങ്കണവാടി പ്രവര്‍ത്തകര്‍.
- Log in to post comments