ജലസ്രോതസ്സുകളില്‍ അടിഞ്ഞുകൂടിയ മാലിന്യം രണ്ടാഴ്ചയ്ക്കകം നീക്കം ചെയ്യണം: ജില്ലാ കലക്ടര്‍
പുഴകളിലെയും തോടുകളിലെയും നീര്‍ച്ചാലുകളിലെയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് വെള്ളമൊഴുക്ക് സുഗമമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരോട് നിര്‍ദ്ദേശിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും നിര്വ്വഹണോദ്യോഗസ്ഥരുടേയും ചേമ്പറില്‍ ചേര്‍ന്ന ഇതു സംബന്ധിച്ച മഴക്കാലപൂര്‍വ്വ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. കാലവര്‍ഷം തുടങ്ങുന്ന ജൂണിന് മുന്‍പ് മാലിന്യങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കി വെള്ളപ്പൊക്കഭീഷണി ലഘൂകരിക്കണം. പരാതികള്‍ക്ക് ഇടനല്‍കാതെ മണല്‍ നീക്കവും സംഭരണവും സുതാര്യമായിരിക്കണമെന്നും കലക്ടര്‍ ഓര്‍മ്മിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന റിവര്‍ മാനേജ്മെന്റ് കമ്മിറ്റി ഇതു സംബന്ധിച്ച പദ്ധതി നിര്‍ദ്ദേശം സമര്‍പ്പിക്കണം. സാങ്കേതികത്തികവും മികച്ച പ്രൊഫെഷണലിസവും ആധുനിക യന്ത്രസാമഗ്രികള്‍ തുടങ്ങിയവ സ്വന്തമായുള്ളതും പ്രവര്‍ത്തനപരിചയവുമുള്ള ഏജന്‍സികളെ പദ്ധതി നടപ്പിലാക്കാന്‍ ഏല്‍പ്പിക്കണം. പാറ, മണല്‍, കല്ല് എന്നിവ വില്‍പ്പനയില്‍ 2018, 2019കളിലെ പ്രളയ പുനരധിവാസ പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന റീബില്‍ഡ് കേരളയുടെയും ലൈഫ് മിഷന് പദ്ധതിയുടെയും ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണനയും പ്രത്യേക പരിഗണനയും നല്‍കണം. നദികളില്‍ നിന്നും ലഭിക്കുന്ന പാറ, മണല്‍, കല്ല് ,മരം എന്നിവ വില്‍ക്കുന്നതിന്റെ കണക്കുകള്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കണം. പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം പുഴയുടെയും, തോടുകളുടെയും നീരൊഴുക്ക് സുഗമമാക്കുക, വേനല്‍ക്കാലത്ത് ജല ലഭ്യത ഉറപ്പു വരുത്തുക, മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുക എന്നതാണ്. പുഴ-നദി-തോടുകളുടെ ഓരങ്ങള്‍ ബലപ്പെടുത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനുമായി മുളംതൈകള്‍, അനുയോജ്യമായ ഫലവൃക്ഷത്തൈകള്‍ പച്ചപ്പുല്‍ എന്നിവ നട്ടുപിടിപ്പിക്കാം. ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ ഉടലെടുത്താല്‍ ജില്ലാതല ഉദ്യോഗസ്ഥ സമിതികള്‍ പരിഹാരം ഉണ്ടാക്കണം. മണല്‍, പാറ തുടങ്ങിയവ വില്‍ക്കുന്നതിന്റെ തുക സംബന്ധിച്ചും തുകയുടെ ഉപയോഗം സംബന്ധിച്ചും നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ നിര്‍മിതി കേന്ദ്രം, ജില്ലാ പ്രോജക്റ്റ് ഓഫീസറാണ്. പദ്ധതി നിര്‍വഹണം സംബന്ധിച്ച സംശയങ്ങള്‍ നോഡല്‍ ഓഫീസറുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കാണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ എസ്. ഹരികുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ സെലിന് വി.എം, ജയിനമ്മ ജോസഫ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി കുര്യാക്കോസ് , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്കുമാര്‍, നിര്‍മ്മിതി കേന്ദ്രം പ്രൊജക്റ്റ് എന്‍ജിനീയര്‍ എസ് ബിജു, ഇടുക്കി തഹസീല്‍ദാര്‍ വിന്‍സന്റ് ജോസഫ്, പഞ്ചായത്ത് സെക്രട്ടറിമാരായ സാബു സി.ജെ, വിനുകുമാര്‍ എസ്.പി, അനില്‍കുമാര്‍, റ്റിജി തോമസ്, പി.എന്‍ സുരേന്ദ്രന് നായര്‍, അഗസ്റ്റിന് വി.എ, ഗിരീഷ് വി.ജെ, തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments