കുട്ടികള്‍ക്കെതിരായുള്ള അതിക്രമം: നിയമം വഴിയുള്ള സംരക്ഷണം പൂര്‍ണമാകുന്നില്ല
കൊച്ചി: കുട്ടികള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ നിയമസംരക്ഷണം കൊണ്ട് മാത്രം തടയാനാവില്ല. കുട്ടികളുടെ കാര്യത്തില്‍ സമൂഹത്തിലെ വ്യക്തികള്‍ ഓരോരുത്തരും ഉത്തരവാദിത്തം ഉള്ളവരാണ്. ഈ ഉത്തരവാദിത്വം നിറവേറ്റിയാല്‍ മാത്രമേ കുട്ടികള്‍ക്കെതിരായ അക്രമം തടയാനാകുവെന്ന് പോക്‌സോ നിയമം - നടത്തിപ്പിലെ വെല്ലുവിളികള്‍ എന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
നിര്‍ഭയ പോലുള്ള സംരക്ഷണഹോമുകളില്‍ അതിക്രമങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നുണ്ട്. പ്രതികളെ കാണാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്ക#ക്കാന്‍ ഇത്തരം നിയമസംവിധാനങ്ങള്‍ സഹായിക്കുമെന്ന്് നിര്‍ഭയ ലീഗല്‍ അഡൈ്വസര്‍ ടീന ചെറിയാന്‍ പറഞ്ഞു.
സംരക്ഷണ കേന്ദ്രങ്ങളില്‍ കൃത്യമായ കൗണ്‍സലിംഗ് നല്കി കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ സംരക്ഷണം നല്‍കാന്‍ സംവിധാനങ്ങള്‍ ഇനിയും ശക്തിപ്പെടേണ്ടതുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കള്‍ച്ചറല്‍ അക്കാദമി ഓഫ് പീസ് പ്രസിഡന്റ് ബീന സെബാസ്റ്റ്യന്‍ അഭിപ്രായപ്പെട്ടു. പല കേസുകളിലും പീഡകര്‍ അവരുടെ കുട്ടിക്കാലത്ത് പീഡനത്തിനിരയായവരായിരുന്നുവെന്ന് കാണാം. അതിനാല്‍ ഇത്തരക്കാര്‍ക്കിടയിലേക്കും ഇറങ്ങിച്ചെന്ന് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്ന് ബീന സെബാസ്റ്റ്യന്‍ പറഞ്ഞു. നമ്മുടെ സമൂഹത്തില്‍ ആണ്‍കുട്ടികളും സുരക്ഷിതരല്ലെന്ന് ചൈല്‍ഡ്‌ലൈന്‍ കോ-ഓഡിനേറ്റര്‍ നിരീഷ് അന്റണി പറഞ്ഞു. ചൈല്‍ഡ് ലൈന്‍ വഴി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 94 കേസുകളില്‍ 34 എണ്ണത്തില്‍ ആണ്‍കുട്ടികളാണ് പീഡനത്തിനിരയായത്.
കുട്ടികള്‍ക്ക് വ്യക്തിത്വമുണ്ടെന്നും അതിനു പ്രാധാന്യമുണ്ടെന്നും മനസ്സിലാക്കുന്നതില്‍ സ്‌കൂളുകള്‍ പരാജയപ്പെടുന്നുവെന്ന് ചര്‍ച്ച നിയന്ത്രിച്ച ഡോക്ടര്‍ പി.എന്‍.എന്‍ പിഷാരടി പറഞ്ഞു. കുട്ടികളുടെ അവകാശങ്ങളെപ്പറ്റി മനസ്സിലാക്കുന്നതില്‍ അധ്യാപകര്‍ പരാജയപ്പെടുന്നുവെന്ന് ജില്ല ശിശുസംരക്ഷണ. ഓഫീസര്‍ കെ.ബി സൈന പറഞ്ഞു. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണം അധ്യാപകര്‍ക്കിടയിലും പൊതുസമൂഹത്തില്‍ മുഴുവനായും ആവശ്യമാണ്.
റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ വളരെ ചെറിയ ശതമാനമാണെന്ന് ജുവനൈല്‍ പൊലീസ് യൂണിറ്റ് അംഗങ്ങളായ പി.എസ് മുഹമ്മദ് അഷ്‌റഫും എം.എന്‍ പോള്‍ എല്‍വിയും പറഞ്ഞു. കുറ്റകൃത്യത്തിന് ഇരയായവര്‍ പലപ്പോഴും വീടുകളിലേക്ക് തിരിച്ചു പോവുകയും പലതരത്തിലുള്ള സ്വാധീനങ്ങളില്‍ ഉള്‍പ്പെട്ട് മൊഴിമാറ്റി പറയുകയും ചെയ്യുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവര്‍ക്ക് തുടര്‍ച്ചയായ കൗണ്‍സലിങ് ആവശ്യമാണെന്ന് ശിശുക്ഷേമ സമിതി അംഗം സിസ്റ്റര്‍ പ്രണിത ഷൈനി പറഞ്ഞു. കുട്ടികളോട് ഇടപെടേണ്ട രീതിയെകുറിച്ച് പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും കൂടുതല്‍ ബോധവാന്മാരാക്കേണ്ടതുണ്ടെന്ന് മാധ്യമപ്രവര്‍ത്തക സ്മിത നമ്പൂതിരി അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്ക് കാര്യങ്ങള്‍ തുറന്നുപറയാനുള്ള അന്തരീക്ഷം വീടുകളില്‍ ഉണ്ടാകണമെന്ന് ഭൂമിക കൗണ്‍സിലര്‍ യു.സി. മുംതാസ് പറഞ്ഞു. കുട്ടികളോട് ഇടപെടേണ്ട രീതിയെക്കുറിച്ചും മാതാപിതാക്കളെ ബോധവാന്മാരാകേണ്ടതുണ്ട്.
കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകര്‍, മാധ്യമ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments