മൊബൈൽ ഫോൺ വില്ലനായേക്കാം: ജാഗ്രത പാലിക്കാൻ പോലീസിന് നിർദ്ദേശം
കോവിഡ് 19 പശ്ചാത്തലത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്ന് എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. മൊബൈൽഫോണുകൾ വഴി കോവിഡ് പകരാൻ സാധ്യത കൂടുതലെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണിത്. ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കാനാകില്ല. വായയോടും മുഖത്തോടും ചേർത്ത് ഉപയോഗിക്കുന്നതിനാൽ മൊബൈൽഫോണിന് പുറത്ത് വൈറസ് തങ്ങിനിൽക്കാൻ സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കൈകളുടെ ഉൾഭാഗം കൊണ്ട് ഉപയോഗിക്കുന്ന മൊബൈൽഫോൺ ഓരോ പ്രാവശ്യവും കഴുകാൻ സാധ്യമല്ലാത്തതിനാൽ കൈകൾ നന്നായി കഴുകിയതുകൊണ്ടോ സാനിറ്റൈസർ ഉപയോഗിച്ചതുകൊണ്ടോ മാത്രം കാര്യമില്ല. അതിനാൽ കൈകൾ ശുചിയാക്കുന്നത് പോലെ മൊബൈൽ ഫോണുകളും ശുചിയാക്കണം. പരമാവധി വയർലെസ് ഹെഡ്സെറ്റ് ഉപയോഗിച്ചോ ലൗഡ് സ്പീക്കർ ഉപയോഗിച്ചോ സംസാരിക്കാനും മൊബൈൽഫോൺ കൈമാറി ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ പൊതുജനങ്ങളും ജാഗ്രത പുലർത്തേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
- Log in to post comments