ലോക്ക്ഡൗണ്‍ ഇളവുകളുടെ ദുരുപയോഗം തടയും: ജില്ലാ പോലീസ് മേധാവി
ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്കു കടന്നപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ഇളവുകള്‍ ദുരുപയോഗം ചെയ്യപ്പെടരുതെന്നു ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പോലീസ് നടപടികള്‍ കര്‍ശനമായി തുടരും. മാസ്‌ക്കിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്നും പട്ടണങ്ങളില്‍ മാസ്‌ക് ധരിക്കാതെ സഞ്ചരിക്കുന്നവരെ നിരീക്ഷിച്ചു നിയമനടപടി സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താനുള്ള തീരുമാനം നടപ്പിലാക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ഗ്രാമങ്ങളില്‍ മുഖാവരണം ധരിക്കാത്തവരെയും നടപടിക്ക് വിധേയരാക്കും.
റെയില്‍വേ സ്‌റ്റേഷന്‍, ചെക്ക്പോസ്റ്റ് എന്നിവിടങ്ങളിലെ പരിശോധന കര്‍ശനമായി തുടരും. അത്യാവശ്യ കാര്യങ്ങള്‍ക്കു രാത്രി 7 നും രാവിലെ 7 നും ഇടയില്‍ മറ്റു ജില്ലകളിലേക്ക് യാത്ര പാസ് മുഖേന മാത്രം. ആവശ്യസേവന മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് ജില്ലവിട്ട് ഈ സമയത്തു യാത്ര ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ മതിയാകും. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പോലീസിന്റെ പ്രവര്‍ത്തനക്രമത്തില്‍ വരുത്തിയ മാറ്റം പരീക്ഷണാടിസ്ഥാനത്തിലുള്ളതാണ്. അതു പ്രവര്‍ത്തികമാക്കുന്നതുകൊണ്ടു യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പ്രവര്‍ത്തനക്രമം തയ്യാറാക്കപ്പെട്ടത്. അന്താരാഷ്ട്രതലത്തില്‍ ഇതു ചര്‍ച്ചചെയ്യപ്പെട്ടതായും ജില്ലാ പോലീസ് മേധാവി ചൂണ്ടിക്കാട്ടി.
കനത്ത മഴയുടെ സൂചനയെത്തുടര്‍ന്നു ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ജില്ലാ പോലീസ് സജ്ജമാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ കര്‍ശനമായി നിരീക്ഷിച്ചുവരുന്നുണ്ട്. വിലക്ക് ലംഘിച്ചതിനു ജില്ലയില്‍ ഇന്നലെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. മുഖാവരണം ധരിക്കാത്തതിന് 10 പേര്‍ക്ക് നോട്ടീസ് നല്‍കി. ലോക്ക്ഡൗണ്‍ ലംഘനത്തിന് എടുക്കുന്ന കേസുകളുടെ എണ്ണം വളരെ കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ജില്ലയില്‍ തിങ്കള്‍ ഉച്ചയ്ക്ക് ശേഷം മുതല്‍ ചൊവ്വ വൈകുംവരെ 62 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 74 ആളുകളെ അറസ്റ്റ് ചെയ്യുകയും 36 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
- Log in to post comments