Skip to main content

സുഭിക്ഷ കേരളം: മുപ്പാട്ടിമൂലയില്‍ കരനെല്‍ വിതച്ച് ബളാല്‍ പഞ്ചായത്ത്

ലോക് ഡൗണ്‍ കാലത്ത് കാര്‍ഷിക മേഖലക്ക് പൂത്തനുണര്‍വ്വേകുന്ന സുഭിക്ഷ കേരളം പദ്ധതിക്ക് ബളാല്‍ പഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടമായി തരിശ് ഭൂമിയില്‍ കരനെല്‍ കൃഷിയാണ് ആരംഭിച്ചത്. ഇതിന്റെ ആദ്യഘട്ട ഉദ്ഘാടനം എടത്തോട് മുപ്പട്ടിമൂലയില്‍ 1.5 ഏക്കര്‍ സ്ഥലത്ത് കര നെല്‍വിത്ത് വിതച്ച് ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ട് എം രാധാമണി ഉദ്ഘാടനം ചെയ്തു. ബളാല്‍ ഗ്രാമപഞ്ചായത്ത,് കൃഷിഭവന്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ്   കര നെല്‍കൃഷി നടപ്പാക്കുന്നത്. ശ്രേയസ് നെല്‍വിത്ത് ഉപയോഗിച്ചാണ് കൃഷി. വരും ദിനങ്ങളില്‍ പഞ്ചായത്തിലെ  മറ്റ് ഭാഗങ്ങളിലും  കരനെല്‍കൃഷി ഇറക്കും. കരനെല്‍കൃഷിക്ക് പുറമെ കര്‍ഷകരുടെ നേതൃത്വത്തില്‍ പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ വിളകള്‍ തുടങ്ങിയവയും കൃഷി ചെയ്യും. 

      ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സംയോജിത കാര്‍ഷിക പുനരുജ്ജീവന പദ്ധതിയാണ് സുഭിക്ഷ കേരളം കൃഷിവകുപ്പിന്റെ ചുമതലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി. തരിശുഭൂമികള്‍ കണ്ടെത്തി കൃഷിചെയ്യുക, വീടുകള്‍ കേന്ദ്രീകരിച്ചുള്ള  കൃഷിരീതികള്‍, സംയോജിത-ജൈവകൃഷി രീതികള്‍  എന്നിവ പ്രോത്സാഹിപ്പിക്കുക, പയറുവര്‍ഗ്ഗങ്ങളുടെയും നെല്ലിന്റെയും ഉത്പാദനം വര്‍ദ്ധിപ്പിക്കുക, പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്ത കൈവരിക്കുക, പഴവര്‍ഗ്ഗങ്ങളുടെയുംധാന്യങ്ങളുടെയും കൃഷി വ്യാപിപ്പിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

      ചടങ്ങില്‍ ബളാല്‍ കൃഷി ഓഫീസര്‍ അനില്‍ സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എസ് രമേഷ് കുമാര്‍, വി ഇ ഒ ടി സജിന്‍, എഡി എസ് മേരി ബാബു, പൊതു പ്രവര്‍ത്തകരായ എം പി ജോസഫ്, കൃഷ്ണന്‍ പഴയ കാല കര്‍ഷകരായ നാരായണന്‍ മണിയറ, വെള്ളന്‍ കീക്കളം എന്നിവര്‍ പങ്കെടുത്തു

date