ഹോസ്റ്റലിലേക്ക് പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാം
ജില്ലയില്‍ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ മറയൂരിലെ നാച്ചിവയലിലും അടിമാലിയിലെ കല്ലാര്‍കുട്ടിയിലും പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലിലേക്ക് അടുത്ത അധ്യയന വര്‍ഷത്തേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. കോവിഡ് 19 മഹാമാരിക്ക് ശേഷം സ്കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ ഹോസ്റ്റലുകളില്‍ താമസ സൗകര്യവും അടുത്തുള്ള സ്കൂളുകളില്‍ 5 മുതല്‍ 12 വരെയുള്ള ക്ലാസുകളിലേക്ക് പ്രവശനത്തിനുള്ള സഹായവും നല്‍കും. സമീപ പ്രദേശങ്ങളില്‍ വിദ്യാലയങ്ങള്‍ ഇല്ലാത്ത ഗോത്ര വര്‍ഗ്ഗ സമൂഹങ്ങളിലെ കുട്ടികള്‍ക്ക് മുന്‍ഗണന. ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യാം. ട്യൂട്ടര്‍മാരുടെ പഠന പിന്തുണ, കലാകായിക പരിശീലനം, സൗജന്യ താമസം, ഭക്ഷണം, യാത്ര എന്നിവയും ലഭ്യമാക്കും. മൂന്നാര്‍, അടിമാലി ബി.ആര്.സികളുടെ മേല്‍നോട്ടത്തിലാകും ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിന് 9497682931, 9446649333, 9747253522 എന്നീ വാട്സ്ആപ്പ് നമ്പരുകളില്‍ ബന്ധപ്പെടാം. അപേക്ഷാഫോറം മൂന്നാര്‍, അടിമാലി ബി.ആര്കളിലും ലഭിക്കും. ഫോണ്‍ 9747253522.
പിന്നോക്ക മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്
പിന്തുണയുമായി സമഗ്ര ശിക്ഷ കേരള
പിന്നോക്ക മേഖലയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ എഴുതാനിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലോക്ഡൗണ്‍ കാലത്ത് പഠന സാമഗ്രികള്‍ സമഗ്രശിക്ഷ കേരള (ഇടുക്കി) നേരിട്ടെത്തിക്കുന്നു. എസ്.സി/ എസ്.ടി വിഭാഗത്തിലെ കുട്ടികള്‍, മലയോര മേഖല ഉള്‍പ്പെടെയുള്ള പിന്നോക്ക മേഖലയില്‍ താമസിക്കുന്നവര്‍, ഗോത്രവര്‍ഗ്ഗക്കാര്‍ തുടങ്ങി ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്ത ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അവശേഷിക്കുന്ന പരീക്ഷകളുടെ പഠന സാമഗ്രികള്‍ വിതരണം ചെയ്യുക. ജില്ലയിലുള്ള രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനസാമഗ്രികളും പരിശീലന പിന്തുണയും ഉറപ്പാക്കുകയെന്ന് സമഗ്രശിക്ഷ ഇടുക്കി ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ബിന്ദുമോള്‍ ഡി അറിയിച്ചു. പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങള്‍, സ്കൂളുകള്‍, എം.ജി.എല്‍.സി ഏകാധ്യാപക വിദ്യാലയങ്ങള്‍ എന്നിവയുടെ ഏകോപനത്തിലൂടെ പാര്ശ്വവല്കൃത മേഖലയിലെ കുട്ടികളെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
- Log in to post comments