Skip to main content

ഗൃഹ നിരീക്ഷണത്തിലുള്ള വ്യക്തിയോടോ കുടുംബത്തോടോ വിവേചനമരുത്: ഡി.എം.ഒ

 

കോവിഡ് 19 മായി ബന്ധപ്പെട്ട് ക്വാറന്റൈനിലുള്ള വ്യക്തിയെയും കുടുംബത്തെയും സാമൂഹ്യമായി ഒറ്റപ്പെടുത്തുന്ന ഒരു പ്രവണത കണ്ടുവരുന്നതായും നിരീക്ഷണത്തില്‍ വെയ്ക്കുന്നത് മുന്‍കരുതലിന്റെ ഭാഗമായാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. നിലവില്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും ഏതെങ്കിലും കാരണവശാല്‍ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ സമ്പര്‍ക്ക പട്ടികയും യാത്രയും രോഗവ്യാപനവും ചുരുക്കുന്നതിനാണ് ആരോഗ്യ വകുപ്പ് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നത്.

നിരീക്ഷണത്തില്‍ ഉള്ള വ്യക്തിയോടോ കുടുംബത്തോടോ വിവേചനപൂര്‍വം പെരുമാറരുത്. വ്യക്തികളുടെ അന്തസ്സും മാന്യതയും മൗലിക അവകാശങ്ങളും ഹനിക്കുന്ന ഒരു പ്രവര്‍ത്തനവും പ്രതിഷേധവും അഭിലഷണീയമല്ല. ആരോഗ്യവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് പൊതുനന്മയ്ക്ക് വേണ്ടി ഒരാള്‍ സ്വയം സ്വീകരിക്കുന്ന മാറി നില്‍ക്കലാണ് ക്വാറന്റൈന്‍. ഈ കാലയളവില്‍ വ്യക്തിക്കും കുടുംബത്തിനും എല്ലാവിധ മാനസികവും ഭൗതികവുമായ പിന്തുണയും സഹകരണവും നല്‍കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.

ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണം വീടുകളില്‍ നിരീക്ഷണത്തിലിരിക്കുകയെന്നത് ക്വാറന്റൈനിന് നിര്‍ദേശിക്കപ്പെടുന്ന വ്യക്തിയുടെ കടമയോടൊപ്പം തന്നെ സമൂഹത്തിന്റെ ആവശ്യവുമാണ്. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ അത് അറിയിക്കാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുമുണ്ടെങ്കിലും വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കെതിരേ പ്രതിഷേധങ്ങളോ അപസ്വരങ്ങളോ ഉയര്‍ത്തരുത്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട് കൗണ്‍സലിംഗ് നടന്നു വരുന്നുണ്ട്. വിവേചനം ഉണ്ടാകുന്ന അവസരങ്ങളില്‍ അതത് പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകര്‍ സമീപവീടുകള്‍ സന്ദര്‍ശിച്ച് ബോധവത്ക്കരണം നല്‍കുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

date