Skip to main content

മാറ്റി വെച്ച പരീക്ഷകള്‍ ഇന്നു (26) തുടങ്ങും

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച എസ്എസ്എല്‍സി , ഹയര്‍ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഇന്നു ആരംഭിക്കും. ഈ മാസം 30 വരെയാണ് പരീക്ഷകള്‍ നടത്തുന്നത്. സാമൂഹിക അകലം അടക്കമുള്ള കോവിഡ് പ്രതിരോധ നടപടികളെല്ലാം പാലിച്ചാണ് പരീക്ഷ നടത്തുന്നത്. ജില്ലയില്‍ 34176 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. അതില്‍ എസ്എസ്എല്‍സി  വിഭാഗത്തില്‍ 11836 പേരും  ഹയര്‍ സെക്കണ്ടറി, വിഎച്ച്എസ്ഇ വിഭാഗത്തില്‍ 22340  പേരുമാണ് ഉള്ളത്.
 കുട്ടികള്‍ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരീക്ഷാ സെന്ററുകളിലും പരിസരങ്ങളിലും പോലീസിന്റെ സേവനം ലഭ്യമാണ്. പരീക്ഷക്കായി സ്‌കൂളില്‍ എത്തുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും  ഉദ്യോഗസ്ഥരെയും തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാക്കും. ഇതിനായി പരീക്ഷ ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ജീവനക്കാരും കുട്ടികളും സ്‌കൂളിലെത്തണം. പരീക്ഷ എഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വീടുകളില്‍  വാര്‍ഡ് മെമ്പര്‍മാര്‍, ആശാ വര്‍ക്കാര്‍, അംഗന്‍വാടി അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹായത്തോടെ മാസ്‌കുകളും  കോവിഡ് പ്രതിരോധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ ലഘുലേഖകളും വിതരണം ചെയ്തു.   ഗതാഗത സൗകര്യങ്ങള്‍ കുറവുള്ള പ്രദേശങ്ങളില്‍ എച്ച്.എം/പ്രിന്‍സിപ്പാള്‍ എന്നിവര്‍ പഞ്ചായത്ത് സെക്രട്ടറിമാരുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

date