Skip to main content

എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ പുനരാരംഭിച്ചു; ഹയര്‍സെക്കന്‍ഡറി ഇന്ന് തുടങ്ങും

 

 

കൊവിഡ് 19 പടര്‍ത്തിയ ആശങ്കകള്‍ക്ക് വിരാമമിട്ട് എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.സി പരീക്ഷകള്‍ പുനരാരംഭിച്ചു. 197 കേന്ദ്രങ്ങളിലായി 44,535 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. 28 കേന്ദ്രങ്ങളിലായി 5,088 വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികളും ചൊവ്വാഴ്ച പരീക്ഷയെഴുതി. കോവിഡ്19 പശ്ചാത്തലത്തില്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് പരീക്ഷാ സെന്റര്‍ മാറ്റിയ പ്രകാരം 156 പേര്‍ മറ്റു ജില്ലകളില്‍ നിന്ന് ജില്ലയില്‍ പരീക്ഷയെഴുതി. 

ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച്, മുഴുവന്‍ കേന്ദ്രങ്ങളിലും പരീക്ഷ സുഗമമായി നടത്താന്‍ കഴിഞ്ഞതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.പി. മിനി പറഞ്ഞു. ജില്ലയിലെ വിവിധ പരീക്ഷ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. സ്‌കൂളിന് മുന്നിലോ പരിസര സ്ഥലങ്ങളിലോ രക്ഷിതാക്കളും മറ്റും കൂട്ടംകൂടി നില്‍ക്കുന്നതായി കണ്ടിട്ടില്ല. വളരെ മികച്ച മുന്നൊരുക്കം നടത്തിയതിനാല്‍ ശാന്തമായ സാഹചര്യത്തില്‍ പരീക്ഷ നടത്താന്‍ കഴിഞ്ഞുവെന്നും ഡി.ഡി.ഇ പറഞ്ഞു.

മാസ്‌ക്, സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍ എന്നിവ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയാണ് വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് പ്രതിനിധിയും സ്‌കൂളുകളില്‍ ഉണ്ടായിരുന്നു. അധ്യാപകര്‍ക്കും മാസ്‌ക്, ഗ്ലൗസ് എന്നിവ നല്‍കി. ബ്രേക്ക് ദ ചെയിന്‍ ക്യാംപെയിന്റെ ഭാഗമായി സോപ്പ്, വെളളം എന്നിവ പ്രവേശന കവാടത്തില്‍ ഉറപ്പുവരുത്തുകയും ചെയ്തു. 

എസ്.എസ്.എല്‍.സിക്കാര്‍ക്ക് കണക്കു പരീക്ഷയായിരുന്നു ചൊവ്വാഴ്ച നടന്നത്. മുഴുവന്‍ വിദ്യാര്‍ഥികളും 1.45 ന് മുമ്പ് തന്നെ പരീക്ഷഹാളിലെത്തി. തുടര്‍ന്ന് 2 മണിക്ക് പരീക്ഷ ആരംഭിച്ച് 4.30ന് അവസാനിച്ചു. ഇന്ന് (മെയ് 27) ഫിസിക്‌സ് പരീക്ഷയാണ് നടക്കുക. വി.എച്ച്.എസ്.സിക്കാരുടെ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റ് പരീക്ഷയാണ് ചൊവ്വാഴ്ച രാവിലെ നടന്നത്. 

ഒരു പരീക്ഷക്ക് ശേഷം അടുത്ത പരീക്ഷ തുടങ്ങുന്നതിന് മുന്‍പ് പരീക്ഷാ കേന്ദ്രങ്ങള്‍ വീണ്ടും അണുനശീകരണം നടത്തും. എസ്.എസ്.എല്‍.സി പരീക്ഷ മെയ് 28നും ഇന്ന് (27.05) പുനരാരംഭിക്കുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷ 30 നും അവസാനിക്കും.
 

date