Skip to main content

തിരുവല്ലയില്‍ നിന്ന് പശ്ചിമ ബംഗാളിലേക്കുള്ള  ആദ്യ ട്രെയിന്‍ പുറപ്പെട്ടു  യാത്രതിരിച്ചത് 1468 അതിഥി തൊഴിലാളികള്‍

 

തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നും പശ്ചിമ  ബംഗാളിലേക്കു പുറപ്പെട്ട ആദ്യ ട്രെയിനില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 1468 അതിഥി തൊഴിലാളികള്‍ സ്വദേശത്തേക്കു മടങ്ങി. പശ്ചിമ ബംഗാളിലെ ഹൗറ സ്റ്റേഷനിലേക്കാണു ജില്ലയിലെ ഏക സ്റ്റേഷനായ തിരുവല്ലയില്‍ നിന്നും സ്പെഷല്‍ ട്രെയിന്‍ പുറപ്പെട്ടത്. മാത്യു ടി തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ബി നൂഹ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ യാത്രയാക്കിയത്. 

കോന്നി താലൂക്കില്‍ നിന്നും 21 ബസുകളിലായി 604 അതിഥി തൊഴിലാളികളാണു നാട്ടിലേക്കു മടങ്ങിയത്. ഇതില്‍ കോന്നി വില്ലേജില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ആളുകളുണ്ടായിരുന്നത്. അടൂര്‍ താലൂക്കില്‍ നിന്നും നാലു കെഎസ്ആര്‍ടിസി ബസുകളിലായി 120 പേരാണ് ഉണ്ടായിരുന്നത്. റാന്നി താലൂക്കിലെ മൂന്നു കേന്ദ്രങ്ങളില്‍ നിന്നും ആറു കെഎസ്ആര്‍ടിസി ബസുകളിലായി 199 പേരാണു യാത്ര തിരിച്ചത്. മല്ലപ്പള്ളി താലൂക്കില്‍ നിന്നും നാല് കെഎസ്ആര്‍ടിസി ബസുകളിലായി 122 പേരെയാണു തിരുവല്ലയില്‍ എത്തിച്ചത്. കോഴഞ്ചേരി താലൂക്കില്‍ നിന്നും രണ്ടു ബസുകളിലായി 69 പേരെയാണു റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. തിരുവല്ല താലൂക്കിലെ മൂന്നു കേന്ദ്രങ്ങളില്‍ നിന്നും 11 ബസുകളിലായി 354 പേരെയും എത്തിച്ചു. 

തിരുവല്ല തഹസില്‍ദാറുടെ നേതൃത്വത്തിലാണ് ഇവര്‍ക്കുള്ള സൗജന്യ ഭക്ഷണകിറ്റ് വിതരണം ചെയ്തത്.  ചപ്പാത്തി, അച്ചാര്‍, ബ്രഡ്, ഏത്തപ്പഴം വെള്ളം എന്നിവയാണു ഭക്ഷണ കിറ്റിലുള്ളത്. കൂടാതെ ഡി.എം.ഒ (ഹോമിയോ) ഡോ.ബിജുവിന്റെ നേതൃത്വത്തില്‍ ഹോമിയോ മരുന്നുകളുടെ കിറ്റും കുടുംബാംഗങ്ങള്‍ക്കുള്ള ഹോമിയോപതിക് ഇമ്മ്യൂണിറ്റി ബൂസ്റ്ററും കൈമാറി. 

ജില്ലാ ഭരണകൂടത്തിന്റെയും റവന്യൂ, ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റെയിവേ സ്റ്റേഷനില്‍ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലൂടെയാണ് ഇവര്‍ക്കായുള്ള ടിക്കറ്റ് വിതരണം ചെയ്തത്. 

മാത്യു ടി തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ബി നൂഹ് എന്നിവരെ കൂടാതെ തിരുവല്ല മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്‍.ജയകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, അടൂര്‍ തഹസില്‍ദാര്‍ ബീന എസ് ഹനീഫ്, കോഴഞ്ചേരി തഹസില്‍ദാര്‍ ഓമനക്കുട്ടന്‍, മല്ലപ്പള്ളി തഹസില്‍ദാര്‍ മധുസൂദനന്‍ നായര്‍, കോന്നി തഹസില്‍ദാര്‍ കെ.ശ്രീകുമാര്‍, റാന്നി തഹസില്‍ദാര്‍ മിനി കെ തോമസ്, തിരുവല്ല തഹസില്‍ദാര്‍ പി. ജോണ്‍ വര്‍ഗീസ്, ജില്ലാ ലേബര്‍ ഓഫീസര്‍ ടി.സൗദാമിനി, ഡോ. ശ്രീകുമാര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അതിഥിതൊഴിലാളികളെ യാത്രയാക്കുന്നതിനുണ്ടായിരുന്നു.

date