Skip to main content

കോവിഡ് 19; മലപ്പുറം ജില്ലയില്‍ ആറ് പേര്‍ കൂടി രോഗമുക്തരായി

 

രോഗം ഭേദമായവര്‍ ഇന്ന് (മെയ് 28) ആശുപത്രി വിടും

 

കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറ് പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി. മെയ് 10 ന് രോഗബാധ സ്ഥിരീകരിച്ച അങ്ങാടിപ്പുറം സ്വദേശി 34 കാരന്‍, മെയ് 14 ന് രോഗബാധ കണ്ടെത്തിയ തൃപ്രങ്ങോട് ആനപ്പടി സ്വദേശി 27 കാരന്‍, അന്നുതന്നെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ച മൂന്നിയൂര്‍ വെളിമുക്ക് സൗത്ത് മൈത്രി റോഡ് സ്വദേശി 44 കാരന്‍, മെയ് 15 ന് രോഗബാധ സ്ഥിരീകരിച്ച മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി 49 കാരന്‍, മെയ് 17 ന് ചികിത്സയിലായ വളാഞ്ചേരി വടക്കുംപുറം സ്വദേശി 61 കാരന്‍, താനാളൂര്‍ സ്വദേശി 33 കാരന്‍  എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇവര്‍ക്ക് പുറമെ മഞ്ചേരിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ ആര്യാട് സ്വദേശിനി 34 കാരിക്കും രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 13 ന് കുവൈത്തില്‍ നിന്നാണ് ഗര്‍ഭിണിയായ ഇവര്‍ എത്തിയിരുന്നത്.

അങ്ങാടിപ്പുറം സ്വദേശി അബുദബിയില്‍ നിന്നും തൃപ്രങ്ങോട് ആനപ്പടി സ്വദേശിയും മൂന്നിയൂര്‍ വെളിമുക്ക് സൗത്ത് മൈത്രി റോഡ് സ്വദേശിയും ദുബായില്‍ നിന്നും എത്തിയവരാണ്. മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിയും വളാഞ്ചേരി വടക്കുംപുറം സ്വദേശിയും മുംബൈയില്‍ നിന്നും താനാളൂര്‍ സ്വദേശി കോയമ്പത്തൂരില്‍ നിന്നുമാണ് എത്തിയിരുന്നത്. ഇവര്‍ ആറ് പേരും ഇന്ന് (മെയ് 28) ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങും. രോഗം ഭേദമായവര്‍ ഇപ്പോള്‍ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലാണ്.

date