Skip to main content

ഓണ്‍ലൈന്‍ പഠനരിതി കേരള വിദ്യാഭ്യാസ  രംഗത്തെ നാഴികക്കല്ല്: മന്ത്രി കെ കെ ശൈലജ

ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത 150 കുട്ടികള്‍ക്ക്
ടി വി വിതരണം ചെയ്തു
കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ വലിയ നാഴിക കല്ലാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലാത്ത കുട്ടികള്‍ക്കുള്ള ടി വികളുടെ വിതരണ  ഉദ്ഘാടനം ഓണ്‍ലൈന്‍ ആയി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ടി വി ലഭിക്കുന്ന ഏതെങ്കിലും കുട്ടികളുടെ വീടുകളില്‍ വൈദ്യുതി സൗകര്യം ഇല്ലെങ്കില്‍  അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ വിക്ടേഴ്‌സ് ചാനലില്‍ ആരംഭിച്ച കിളിക്കൊഞ്ചല്‍ പരിപാടിയിലൂടെ കുട്ടികളുടെ വ്യക്തി വികാസം  എങ്ങനെയൊക്കെ വളര്‍ത്താന്‍ കഴിയുമെന്ന് രക്ഷിതാക്കള്‍ക്ക് മനസിലാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കൂത്തുപറമ്പ് മണ്ഡലത്തിലെ സുമനസ്സുകളുടെ സഹായത്തോടെ ഓണ്‍ലൈന്‍  പഠന സൗകര്യം ഇല്ലാത്തവര്‍ക്കായി 150 ടി വികളാണ് വിതരണം ചെയ്തത്. ടി വി നല്‍കുന്നതിന് ഒപ്പം ഇതിനുള്ള അനുബന്ധ സഹായങ്ങളും ചെയ്തു കൊടുക്കും.
കൂത്തുപറമ്പ് നഗരസഭ ഹാളില്‍ നടന്ന പരിപാടിയില്‍ ആരോഗ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി എം സുരേന്ദ്രന്‍ പാനൂര്‍ എഇഒ സി കെ സുനില്‍ കുമാറിന് ടി വി കൈമാറി. കൂത്തുപറമ്പ  നഗരസഭ ചെയര്‍മാന്‍ എം സുകുമാരന്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ മറിയം ബീവി, ബിപിഒ മാരായ  പി പി അജിത് കുമാര്‍,   കെ വി അബ്ദുള്‍ മുനീര്‍,  സി പി ഷാജി, കൂത്തുപറമ്പ്  എ ഇഒ ഇ പി മനോജ് ശങ്കര്‍, ചൊക്ലി എഇഒ വി കെ സുധി തുടങ്ങിയവര്‍ പങ്കെടുത്തു.

date