Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 02-07-2020

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ കല്യാശ്ശേരി ഉപകേന്ദ്രത്തില്‍ ജൂലൈ അവസാനവാരം ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. www.ccek.org വഴി ജൂലൈ എട്ടിന് വൈകുന്നേരം അഞ്ച് മണി വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 200 രൂപ. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ :8281098875.

സ്വാശ്രയ പദ്ധതി: അപേക്ഷ ക്ഷണിച്ചു

തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകനെ/മകളെ സംരക്ഷിക്കുന്ന മാതാവിന്/രക്ഷിതാവിന് തൊഴില്‍ ആരംഭിക്കുന്നതിനായി ഒറ്റത്തവണ ധനസഹായമായി 35,000 രൂപ അനുവദിച്ചു നല്‍കുന്ന സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷക ബി പി എല്‍ കുടുംബാംഗവും സംരക്ഷിക്കുന്നത് 70 ശതമാനമോ അതില്‍ കൂടുതലോ മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയായിരിക്കുകയും വേണം.  വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീകള്‍, നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ജീവിച്ചിരുന്നിട്ടും വിവാഹബന്ധം വേര്‍പെടുത്താത്ത ഭര്‍ത്താവില്‍ നിന്നും സഹായം ലഭിക്കാത്ത സ്ത്രീകള്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.  സ്വയംതൊഴില്‍ സംബന്ധിച്ച വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സഹിതമുള്ള അപേക്ഷകള്‍ ജൂലൈ 31 ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2712255.

മേലെ ചൊവ്വ അണ്ടര്‍പാസ് നിര്‍മ്മാണം; പൊതുവിചാരണ

ജില്ലയിലെ എളയാവൂര്‍, കണ്ണൂര്‍ 1 എന്നീ വില്ലേജുകളിലായി മേലെ ചൊവ്വ അണ്ടര്‍പാസ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ മെയ് 25, 26, 27 തീയതികളില്‍ നടത്തിയ പൊതുവിചാരണയില്‍ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നവര്‍ക്കുള്ള പൊതുവിചാരണ യഥാക്രമം ജൂലൈ 14, 15, 16 തീയതികളില്‍ രാവിലെ 10 മണി മുതല്‍ കലക്ടറേറ്റില്‍ നടക്കും.

പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്

കണ്ണൂര്‍ താലൂക്കിലെ എളയാവൂര്‍ ക്ഷേത്രം, തെരൂര്‍ ശിവക്ഷേത്രം, മാവിലാക്കാവ് ക്ഷേത്രം, ഇരിട്ടി താലൂക്കിലെ കുഴുമ്പില്‍ ഭഗവതി ക്ഷേത്രം, മൃദംഗശൈലേശ്വരി ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഫോറം മലബാര്‍  ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റ് (www.malabardevaswom.kerala.gov.in), തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ എളയാവൂര്‍ ക്ഷേത്രം, തെരൂര്‍ ശിവക്ഷേത്രം, കുഴുമ്പില്‍ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ജൂലൈ 23 ന് വൈകിട്ട് അഞ്ച് മണിക്കകവും മാവിലാക്കാവ് ക്ഷേത്രം, മൃദംഗശൈലേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലേത് ജൂലൈ 24 ന് വൈകിട്ട് അഞ്ച് മണിക്കകവും മലബാര്‍ ദേവസ്വം ബോര്‍ഡ്  തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

കൃഷി വകുപ്പ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കൃഷി വകുപ്പ് 53 ഇനങ്ങളിലായി സംസ്ഥാനതല അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു.   കര്‍ഷകരെയും വിദ്യാര്‍ഥികളെയും പ്രവാസികളെയും മാധ്യമ പ്രവര്‍ത്തകരെയും മറ്റ് കാര്‍ഷികേതര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും കൃഷിയിലേക്ക് ആകര്‍ഷിക്കുകയും അതു വഴി കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കുകയുമാണ് ലക്ഷ്യം.    ഓരോ അവാര്‍ഡിനും പതിനായിരം മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള ക്യാഷ് അവാര്‍ഡും ഷീല്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.  അപേക്ഷ ജൂലൈ ആറിന് വൈകിട്ട് അഞ്ച് മണിക്കകം അതാത് കൃഷി ഭവനില്‍ നല്‍കേണ്ടതാണ്.  ഫോണ്‍: 0497 2706153.

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പയ്യന്നൂര്‍ ബ്ലോക്കില്‍ പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  അഞ്ചാം ക്ലാസിലേക്കാണ് (മലയാളം മീഡിയം) പ്രവേശനം.  നാലാം ക്ലാസ് വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ ലഭിച്ച ഗ്രേഡ് സംബന്ധിച്ച പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം അപേക്ഷ സമര്‍പ്പിക്കണം.  കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം.  സീറ്റുകളില്‍ 90 ശതമാനം പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും 10 ശതമാനം മറ്റ് വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂലൈ 10 നകം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബ്ലോക്ക്/നഗരസഭാ പട്ടികജാതി വികസന ഓഫീസുകളിലോ സമര്‍പ്പിക്കണം.  വിശദ വിവരങ്ങള്‍ ബ്ലോക്ക്/നഗരസഭാ പട്ടികജാതി വികസന ഓഫീസുകളിലും എസ് സി പ്രമോട്ടര്‍മാരില്‍ നിന്നും ലഭിക്കും.  ഫോണ്‍: 0497 2700596, 9747356496.

ഗതാഗതം നിരോധിച്ചു

ഇരിട്ടി - നിടുംപൊയില്‍ റോഡില്‍ പയഞ്ചേരിമുക്കില്‍ ഡ്രെയിനേജ് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലൈ നാല്, അഞ്ച് തീയതികളില്‍ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു.  കാക്കയങ്ങാട് ഭാഗത്ത് നിന്നും കണ്ണൂര്‍, മട്ടന്നൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തില്ലങ്കേരി - ഉളിയില്‍ റോഡ് വഴിയും കാക്കയങ്ങാട് നിന്നും ഇരിട്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ജബ്ബാര്‍ കടവ് കോളിക്കടവ് പാലം വഴി ഇരിട്ടിയിലേക്കും പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പി എന്‍ സി/2142/2020

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ ആരോഗ്യവകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (എന്‍ സി എ മുസ്ലീം-380/16) തസ്തികയിലേക്ക് 2018 ജനുവരി 17 ന് നിലവില്‍ വന്ന റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും നിയമന ശിപാര്‍ശ നല്‍കിയതിനാല്‍ 2020 മാര്‍ച്ച് 24 മുതല്‍ പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/2143/2020

പുനര്‍ലേലം

തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി കോമ്പൗണ്ടിലുള്ള തേക്ക്, വട്ട, പൂമരം എന്നീ മരങ്ങള്‍ ജൂലൈ 27 ന് രാവിലെ 11 മണിക്ക് സൂപ്രണ്ട് ഓഫീസില്‍ ടെണ്ടര്‍/ലേലം ചെയ്യും.  ടെണ്ടര്‍ ഫോറം ജൂലൈ 25 ന് മൂന്ന് മണി വരെ ലഭിക്കും.  ഫോണ്‍: 0460 2203298.

അപേക്ഷ ക്ഷണിച്ചു

2020-21 അധ്യയന വര്‍ഷം ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങളായ ലംപ്‌സം ഗ്രാന്റ്, ജൂണ്‍ മുതല്‍ ഒക്‌ടൊബര്‍ വരെയുള്ള പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.  ഫോറം നമ്പര്‍ ഒന്നില്‍ വിദ്യാര്‍ഥികളുടെ പേര് വിവരങ്ങളും ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പും സഹിതം ജൂലൈ 15 നകം ഐ ടി ഡി പി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2700357.

 അപേക്ഷ ക്ഷണിച്ചു

 അപേസംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന്‍ കളിമണ്‍ ഉല്‍പന്ന നിര്‍മ്മാണ തൊഴിലാളികളില്‍ നിന്നും നിലവിലെ സംരംഭങ്ങളുടെ ആധുനികവത്കരണത്തിനും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും  വായ്പാ അപേക്ഷ ക്ഷണിച്ചു. പരമാവധി രണ്ട് ലക്ഷം രൂപ ആറ് ശതമാനം പലിശ നിരക്കില്‍ 60 മാസക്കാലാവധിയിലേക്കാണ് നല്‍കുന്നത്. അപേക്ഷകര്‍ പരമ്പരാഗത കളിമണ്‍ ഉല്പന്ന നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. പ്രായപരിധി 18നും 55നും മധ്യേ.
പദ്ധതിയുടെ നിബന്ധനകള്‍, അപേക്ഷാ ഫോറം, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ എന്നിവ www.keralapottery.org ല്‍ ലഭ്യമാണ്.
അപേക്ഷകള്‍ ജൂലായ് 31ന് വൈകിട്ട് അഞ്ച് മണിക്ക്   മുമ്പായി മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന്‍, അയ്യങ്കാളി ഭവന്‍, രണ്ടാം നില, കനക നഗര്‍, കവടിയാര്‍ പി ഒ, തിരുവനന്തപുരം, 695003 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ  നേരിട്ടോ സമര്‍പ്പിക്കേണ്ടതാണ്.
പി എന്‍ സി/2147/2020

റേഷന്‍ കാര്‍ഡ്:  അനര്‍ഹര്‍ക്കെതിരെ നടപടി

എഎവൈ (മഞ്ഞ), മുന്‍ഗണന(പിങ്ക്) റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി  കൈവശം വെച്ചിരിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനര്‍ഹരുടെ റേഷന്‍ കാര്‍ഡുകള്‍ സ്വമേധയാ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിന് മുമ്പ് അവസരം നല്‍കിയിരുന്നു. എന്നാല്‍ പലരും ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് ഇപ്പോഴും സൗജന്യ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ കണ്ടെത്തിയാല്‍ റേഷന്‍ കാര്‍ഡുടമകളില്‍ നിന്നും ഇതുവരെ കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ കമ്പോള വില ഈടാക്കുന്നതും മറ്റ് നിയമ നടപടികള്‍ സ്വീകരിക്കുന്നതുമാണ്.
എഎവൈ, മുന്‍ഗണനാ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്തി അവരെ നീക്കം ചെയ്ത ശേഷം അര്‍ഹരായവരെ  ഉള്‍പ്പെടുത്തുന്നതിനുളള നടപടികള്‍ സിവില്‍ സപ്ലൈസ് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന റേഷന്‍ കാര്‍ഡുടമകളെ കുറിച്ചുളള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ ഫോണ്‍ മുഖേന അറിയിക്കാം. ഫോണ്‍. താലൂക്ക് സപ്ലൈ ഓഫീസ്, തളിപ്പറമ്പ് 0460 2203128, 9188527411, തലശ്ശേരി- 0490 2343714, 9188527410, കണ്ണൂര്‍- 0497 2700091, 9188527408, ഇരിട്ടി - 0490 2494930, 9188527409.
റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളുടെയും ആധാര്‍ ലിങ്ക് ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍, റേഷന്‍ കടകള്‍, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു

date