Skip to main content

വനംവകുപ്പ് പരിധിയിലെ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കും : അഡ്വ. കെ.രാജു

വനം വകുപ്പ് ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ വരുന്ന എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കുമെന്ന് വനംവകുപ്പ് മന്ത്രി അഡ്വ. കെ രാജു. വനംവകുപ്പ് ആശ്രിതരായി കഴിയുന്ന എല്ലാ വീടുകളിലെ കുട്ടികൾക്കും ഓൺലൈൻ ക്ലാസിന്റെ ലഭ്യത ഉറപ്പുവരുത്തും. ഇതിനായി കമ്പ്യൂട്ടർ സംവിധാനങ്ങളുള്ള സാമൂഹ്യ പഠന കേന്ദ്രങ്ങളൊരുക്കും. ചാലക്കുടി വനം ഡിവിഷൻ മുപ്ലിയം മോഡൽ ഫോറസ്റ്റ് സ്റ്റേഷന്റേയും വാഴച്ചാൽ വനം ഡിവിഷൻ മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷന്റെയും ബാച്ചിലർ ക്വാർട്ടേഴ്സിന്റെയും ഉദ്ഘാടനം വാസുപുരത്തു നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വനം വകുപ്പിന്റെ സേവനങ്ങൾ കൂടുതലായി ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്. അതുപോലെ തന്നെ കാട് സംരക്ഷണം, വന്യജീവി സംരക്ഷണം തുടങ്ങിയ കാര്യങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കണം. പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി വനമേഖലയോട് ചേർന്ന് കിടക്കുന്ന എല്ലാ പഞ്ചായത്തുകളിലും ജന ജാഗ്രതാ സമിതികൾ രൂപീകരിച്ചു കഴിഞ്ഞു. വന്യ ജീവി സംരക്ഷണം ഉൾപ്പടെയുള്ള കാര്യങ്ങൾ ജാഗ്രതാ സമിതിയിൽ ചർച്ച ചെയ്ത് വേണ്ട തീരുമാനങ്ങളെടുക്കാം. വന്യ ജീവി ആക്രമണം തടയുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കാം. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കിടങ്ങ് ഉൾപ്പടെയുള്ളവ നിർമ്മിക്കാം. കഴിഞ്ഞ പ്രളയകാലത്തും ഈ കോവിഡ് കാലത്തും വനം വകുപ്പ് ജനങ്ങൾക്കായി ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്തു വരുന്നു. പ്രാദേശിക ഗവണ്മെന്റുകളുമായി ചേർന്ന് ജന പങ്കാളിത്തത്തോടെയുള്ള പരിപാടികളാണ് വകുപ്പ് ലക്ഷ്യമിടുന്നത്. പ്രകൃതിയെ സംരക്ഷിക്കുക എന്നാൽ വനം സംരക്ഷിക്കുക എന്നതുതന്നെയാണ് അർഥമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
90 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് മുപ്ലിയം, മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനുകളും, ബാച്ചിലർ ക്വാർട്ടേഴ്സും പണി പൂർത്തീകരിച്ചിട്ടുള്ളത്. ആദിവാസി ഊരുകളിലേക്കുള്ള മാസ്‌ക് വിതരണം മന്ത്രി നിർവഹിച്ചു. വാഴച്ചാൽ ആദിവാസി കോളനിയിലെ കുട്ടികൾക്കുള്ള സാമൂഹ്യ പഠന കേന്ദ്രത്തിലേക്ക് അഞ്ചു കംപ്യൂട്ടറുകൾ മന്ത്രി കെ രാജു ഏറ്റുവാങ്ങി. വനം വകുപ്പ് ജീവനക്കാർക്ക് നൽകുന്ന ആയുർവേദ കോവിഡ് പ്രതിരോധ മരുന്നിന്റെ വിതരണം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി.രവീന്ദ്രനാഥ് നിർവ്വഹിച്ചു.
ചടങ്ങിൽ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ദീപക് മിശ്ര ഐ എഫ് എസ്, വനം വന്യ ജീവി വകുപ്പ് അഡീഷ്ണൽ ചീഫ് സെക്രട്ടറി ആശ തോമസ് ഐ എ എസ്, വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എസ് വി വിനോദ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ജെ ഡിക്‌സൺ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.

date