Skip to main content

ജീവാമൃതമായി അമൃതം പദ്ധതി 

കോവിഡ് 19  പ്രതിരോധത്തിന്റെ ഭാഗമായി ക്വാറന്റൈനില്‍ കവിയുന്നവര്‍ക്ക് പ്രതിരോധ മരുന്നുമായി ആയൂര്‍വേദ വിഭാഗത്തിന്റെ അമൃതം പദ്ധതി ശ്രദ്ധേയമാകുന്നു.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  സര്‍ക്കാര്‍ ആയൂര്‍വേദ ഡിസ്‌പെന്‍സറികള്‍, ആശുപത്രികള്‍ കേന്ദ്രീകരിച്ച് മരുന്നുകള്‍ ക്വാറന്റൈനില്‍ ഉളളവരുടെ വീടുകളില്‍ എത്തിച്ച് നല്‍കും. സര്‍ക്കാര്‍ ആയൂര്‍വേദ ഡിസ്‌പെന്‍സറികള്‍ കേന്ദ്രീകരിച്ച് ആയൂര്‍രക്ഷാ ടാസ്‌ക് ഫോഴ്‌സുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിക്കുന്നു. 

ജനപ്രതിനിധികള്‍, എച്ച്.എം.സി അംഗങ്ങള്‍, ആശ-അങ്കണവാടി-കുടുംബശ്രീ അംഗങ്ങള്‍, കോവിഡ് പ്രതിരോധ സേന, പ്രദേശത്തെ ആയൂര്‍വേദ ഡോക്ടര്‍മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരടങ്ങുന്നതാണ് ആയൂര്‍രക്ഷാ ടാസ്‌ക് ഫോഴ്‌സ്. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ആയൂര്‍വേദ മെഡിക്കല്‍  ഓഫീസര്‍ കണ്‍വീനറുമായി  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.  പദ്ധതിയുടെ ഭാഗമായി  ജില്ലയില്‍ 63 സര്‍ക്കാര്‍ ആയൂര്‍വേദ ഡിസ്‌പെന്‍സറികള്‍ വഴി 3000 ത്തോളം പേര്‍ക്ക് ക്വാറന്റൈനില്‍ പ്രതിരോധ മരുന്ന് നല്‍കിയിട്ടുണ്ട്.  ക്വാറന്റൈനില്‍ ഉള്ളവരുടെ ബന്ധുക്കള്‍ക്കും മറ്റ് സാധാരണ ജനങ്ങള്‍ക്കും  സ്വാസ്ഥ്യം എന്ന പേരില്‍ പ്രതിരോധ മരുന്ന് നല്‍കുന്ന പദ്ധതിയും നടന്നുവരുന്നു.  60 വയസിന് മുകളിലുളളവര്‍ക്ക് സുഖായുഷ്യം എന്ന പേരില്‍ അവരുടെ ആരോഗ്യപരിപാലനത്തിനായി പ്രത്യേക പ്രോജക്ടും നടപ്പാക്കി വരുന്നു.  കോവിഡ് രോഗ വിമുക്തരായ വ്യക്തികള്‍ക്ക് പൂര്‍ണാരോഗ്യം വീണ്ടെടുക്കുന്നതിനായി പുനര്‍ജ്ജനി എന്ന  പദ്ധതി വഴി ആയൂര്‍വേദ മരുന്നുകള്‍ നല്‍കുന്നുണ്ട്.  

ഈ  പദ്ധതികളുടെ പ്രയോജനം എല്ലാവരും  ഉപയോഗപ്പെടുത്തണമെന്നും സാമൂഹിക അകലം, മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും അനുസരിച്ച് ഈ മഹാമാരിയെ അകറ്റുവാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജി.വി.ഷീലാ മേബിലറ്റ്,  ജില്ലാ ആയൂര്‍വേദ കോവിഡ്  റസ്‌പോണ്‍സ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ആര്‍.കൃഷ്ണ കുമാര്‍ എന്നിവര്‍ അറിയിച്ചു. പദ്ധതികള്‍ സംബന്ധിച്ച കൂടുതല്‍  വിവരങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസ് - 0468 2324337, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ - 8281806371,  8075984152 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. 

date