Skip to main content

കോന്നി താലൂക്ക്തല മോക്ഡ്രില്‍ വയ്യാറ്റുപുഴയില്‍ സംഘടിപ്പിച്ചു വയ്യാറ്റുപുഴയില്‍ 'ഉരുള്‍പൊട്ടല്‍'; രണ്ട് കുട്ടികള്‍  ഉള്‍പ്പെടെ 21 പേരെ 'രക്ഷപ്പെടുത്തി'

 

 

വയ്യാറ്റുപുഴയില്‍ 'ഉരുള്‍പൊട്ടലില്‍' രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 21 പേരെ 'രക്ഷപ്പെടുത്തി'. രണ്ടുപേരുടെ നില ഗുരുതരം. മണ്ണിനടിയില്‍ നിന്നും ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെയും വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടന്നവരെയും രക്ഷപ്പെടുത്തി. ദുരന്തനിവാരണ വകുപ്പ്, പത്തനംതിട്ട, കോന്നി, സീതത്തോട് എന്നീ ഓഫീസുകളില്‍ നിന്നുമായി എത്തിയ ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 37 പേര്‍, പോലീസില്‍ നിന്നും 10 പേര്‍, ആരോഗ്യ വകുപ്പില്‍ നിന്നും അഞ്ച് പേര്‍, റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പ്, കോന്നി താലൂക്ക്തല ഐ.ആര്‍.എസ് സംഘം എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ ആംബുലന്‍സ്, അസ്‌കാ ലൈറ്റ്, ജെ.സി.ബി, ഓഫ്‌റോഡ് ജീപ്പ്, ഏണി, കയര്‍, സ്‌ട്രെച്ചര്‍, പി.പി.ഇ കിറ്റ്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിച്ചാണ് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തിയത്. 

വെള്ളപ്പൊക്ക ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ (ഐ.ആര്‍.എസ്) ഭാഗമായി കോന്നി താലൂക്കിനു കീഴിലുള്ള വയ്യാറ്റുപുഴയില്‍ തിങ്കളാഴ്ച(ജൂലൈ 6) രാത്രി ഏഴിന് സംഘടിപ്പിച്ച മോക്ക്ഡ്രില്ലിലാണ് ഉരുള്‍പൊട്ടലും രക്ഷപ്പെടുത്തലും അരങ്ങേറിയത്. 

ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടുങ്ങിക്കിടന്നവരെ കയറും ഏണിയും സ്‌ട്രെച്ചറും ഉപയോഗിച്ച് ചെയര്‍ നോട്ട്, സ്‌ട്രെച്ചര്‍ നോട്ട് എന്നീ രീതികളില്‍ രക്ഷപ്പെടുത്തുകയായിരുന്നു. രാത്രിയില്‍ വൈദ്യുതി മുടങ്ങിയതോടെ രക്ഷാപ്രവര്‍ത്തനത്തിനായി നാല് അസ്‌കാ ലൈറ്റുകള്‍ സ്ഥാപിച്ചു. ഗതാഗതം തടസപ്പെടുത്തിയ രീതിയില്‍ കുമിഞ്ഞുകൂടിയ ചെളിയും മണ്ണും കടപുഴകി വീണ മരവും നീക്കംചെയ്തു. നട്ടെല്ലിന് പരുക്കേറ്റ ആളെ സ്‌ട്രെച്ചര്‍ നോട്ട് ഉപയോഗിച്ചാണു രക്ഷപ്പെടുത്തിയത്. കോവിഡ് 19 രോഗലക്ഷണമുള്ളവരെയും വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെയും പി.പി.ഇ കിറ്റ് ധരിച്ച രക്ഷാപ്രവര്‍ത്തകര്‍ കോവിഡ് കെയര്‍ സെന്ററിലേക്കും പ്രത്യേക ക്യാമ്പുകളിലേക്കും മാറ്റി.  രക്ഷപ്പെടുത്തിയവരെ ജനറല്‍ വിഭാഗം, 60 വയസിനു മുകളിലുള്ളവര്‍, കോവിഡ് രോഗലക്ഷണമുള്ളവര്‍, വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ എന്നിങ്ങനെ നാല് പുനരധിവാസ ക്യാമ്പുകളിലേക്കു മാറ്റി. 

മോക്ഡ്രില്ലാണെന്ന് അറിയാതെ സംഭവ സ്ഥലത്ത് എത്തിയ പ്രദേശവാസികള്‍ ആദ്യം കാര്യമെന്തെന്ന് അറിയാതെ ആശങ്കപ്പെട്ടു. കാര്യം അറിഞ്ഞതോടെ നാട്ടുകാരില്‍ ചിലരും 'രക്ഷാപ്രവര്‍ത്തനത്തില്‍' പങ്കാളിയായിരുന്നു.

കെ.യു ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, ഐ.ആര്‍.എസ് റെസ്‌പോണ്‍സിബിള്‍ ഓഫീസര്‍ ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജെസിക്കുട്ടി മാത്യു, അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാ സിനി, ചിറ്റാര്‍ പഞ്ചായത്ത് പ്രസിഡന്റ് രവികല, വൈസ് പ്രസിഡന്റ് രാജു വട്ടമല, ജില്ലാ ഫയര്‍ ഓഫീസര്‍ വിസി വിശ്വാനാഥ്, കോന്നി തഹസീല്‍ദാര്‍ ശ്രീകുമാര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ വി. വിനോദ് കുമാര്‍, ചിറ്റാര്‍ പഞ്ചായത്ത് സെക്രട്ടറി ടി.കെ ദിബു, ചിറ്റാര്‍ എസ്.ഐ രജിത് കുമാര്‍, മൂഴിയാര്‍ എ.എസ്.ഐ വി.എസ് ജോയി,വില്ലേജ് ഓഫീസര്‍ പി.കെ മുഹമ്മദ് ഷഫീഖ്, ഡിഡിഎംഎ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മോഹിത് ആര്‍ ശേഖര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date