കട്ടപ്പനയില് കോവിഡ് ഫസ്റ്റ് ലൈന് ചികിത്സകേന്ദ്രം തുറന്നു
കട്ടപ്പനയില് കോവിഡ് ഫസ്റ്റ് ലൈന് ചികിത്സകേന്ദ്രം തുറന്നു.വ്യാഴാഴ്ച്ച മുതല്‍ കേന്ദ്രത്തില്‍ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങി.വൈറസ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുവാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. സെന്റ് ജോണ്സ് ആശുപത്രിയുടെ കീഴിലെ ഫോര്ത്തുനാത്തൂസ് മാനസികാരോഗ്യ കേന്ദ്രമാണ് ഫസ്റ്റ് ലൈന് ചികിത്സകേന്ദ്രത്തിനായി ആരോഗ്യ വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഇല്ലാതെ രോഗം സ്ഥിരികരിക്കുന്നവരെയും, തീവ്ര രോഗമില്ലാത്തവരെയുമാണ് സെന്ററില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കുക. കട്ടപ്പനയിലെ ചികിത്സാ കേന്ദ്രത്തില്‍ നിലവില്‍ 60 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. രോഗികളെ ചികിത്സിക്കുന്നതിനായ് നാല് ഡോക്ടര്മാരുള്പ്പെടെ പതിനാറ് ജീവനക്കാരാണ് കേന്ദ്രത്തില്‍ ഉള്ളത്. സെന്ററില്‍ പ്രവേശിപ്പിക്കുന്ന രോഗികള്ക്കാവശ്യമായ അടിസ്ഥാന സൗകര്യം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും കട്ടപ്പന നഗരസഭയുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് ക്രമീകരിച്ചിട്ടുള്ളത്. ഫസ്റ്റ് ലൈന് ട്രീറ്റ്മെന്റ് സെന്റര്‍ മാനേജ്മെന്റ് കമ്മറ്റി ചികിത്സാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് നഗരസഭാ ചെയര്മാന് ജോയി വെട്ടിക്കുഴി പറഞ്ഞു. കട്ടപ്പന നഗരസഭയ്ക്ക് പുറമെ കൊക്കയാര്‍, പെരുവന്താനം, പീരുമേട്, വണ്ടിപ്പെരിയാര്‍, കുമളി, ഏലപ്പാറ, ഉപ്പുതറ, അയ്യപ്പന്കോവില്‍, കാഞ്ചിയാര്‍, ഇരട്ടയാര്‍, ചക്കുപള്ളം, വണ്ടന്മേട് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെയും രോഗികള്ക്ക് കട്ടപ്പനയിലെ സെന്ററിലൂടെ ചികിത്സ ലഭിക്കും.
- Log in to post comments