കണ്ണൂര്‍ അറിയിപ്പുകള് 29-07-2020
തപാല്‍ അദാലത്ത് 14ന്
കേരള പോസ്റ്റല്‍ സര്‍ക്കിള്‍ ഉത്തരമേഖല തപാല്‍ അദാലത്ത് ആഗസ്ത് 14ന് രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടക്കും. കോഴിക്കോട് നടക്കാവിലുള്ള പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസിലാണ് അദാലത്ത്. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള റവന്യൂ ജില്ലകളിലെ കത്തുകള്‍, മണി ഓര്‍ഡര്‍, പാര്‍സല്‍, സ്പീഡ് പോസ്റ്റ്, സേവിംഗ് ബാങ്ക് അക്കൗണ്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികള്‍ ആഗസ്ത് ഏഴിനു മുമ്പായി എം മിനി രാജന്, ലിങ്ക് ഓഫീസര്‍ ടു അസിസ്റ്റന്റ് ഡയറക്ടര്‍ (111), പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസ്, ഉത്തരമേഖല, നടക്കാവ്, കോഴിക്കോട് 673011 എന്ന വിലാസത്തില്‍ അയക്കാം. കവറിനു പുറത്ത് തപാല്‍ അദാലത്ത് എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 04952 765801.
അപേക്ഷ ക്ഷണിച്ചു
2020 മാര്‍ച്ചിലെ പൊതുപരീക്ഷയില്‍ എസ് എസ് എല്‍ സി, പ്ലസ്ടു, ഡിഗ്രി, പി ജി എന്നിവയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി തെളിയിക്കുന്ന സാക്ഷ്യപത്രം/എസ് എസ് എല്‍ സി ബുക്കിന്റെ ആദ്യപേജ്, മാര്ക്ക്ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ കണ്ണൂര്‍ ഐ ടി ഡി പി ഓഫീസിലോ ആഗസ്ത് 10 നകം സമര്‍പ്പിക്കണം. ഫോണ്‍: 0497 2700357.
കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ നിയമനം
ജില്ലയില്‍ നഗരസഭ/കോര്‍പ്പറേഷനുകളിലെ കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ നടപ്പിലാക്കുന്നതിന് ഒഴിവുള്ള കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതാത് കോര്പ്പറേഷന്/നഗരസഭ പരിധിയില്‍ താമസിക്കുന്ന പ്ലസ് ടു പാസായ കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. സാമൂഹ്യവികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. പ്രായ പരിധി 40 വയസ്. വിശദ വിവരങ്ങളും മാതൃകാ അപേക്ഷാ ഫോറവും അതത് കുടുംബശ്രീ സി ഡി എസ് ഓഫീസില്‍ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷാ ഫോറം അസ്സല് സര്‍ട്ടിഫിക്കറ്റുകളുടെയും പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രത്തിന്റെയും പകര്‍പ്പ് സഹിതം ആഗസ്ത് അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ജില്ലാ മിഷന് കോ ഓര്‍ഡിനേറ്ററുടെ കാര്യാലയം, ബി എസ് എന്‍ എല്‍ ഭവന്- മൂന്നാം നില, സൗത്ത് ബസാര്‍, കണ്ണൂര്‍ 2 എന്ന വിലാസത്തില്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0497 2702080.
ഓണ്‍ലൈന്‍ ലേലം
വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ വില്പന ആഗസ്ത് 11, 20 തീയതികളില്‍ നടക്കും. ഓണ്‍ലൈന്‍ വഴി നടത്തുന്ന ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയിലും www.mstcecommerce.com വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. താല്പര്യമുള്ളവര് പാന്‍കാര്‍ഡ്, ദേശസാല്‍കൃത ബാങ്ക് പാസ്ബുക്ക്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ മെയില്‍ അഡ്രസ്, ജി എസ് ടി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് (കച്ചവടക്കാര്‍) എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0490 2302080.
ഐ എച്ച് ആര് ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം
ഐ എച്ച് ആര് ഡിയുടെ കീഴില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കടത്തുരുത്തി (04829264177, 8547005049), കട്ടപ്പന (04868250160, 8547005053), കാഞ്ഞിരപ്പള്ളി (04828206480, 8547005075), കോന്നി (04682382280, 8547005074), മല്ലപ്പള്ളി (04692681426, 8547005033), മറയൂര്‍ (04865253010, 8547005072), നെടുംകണ്ടം (04868234472, 8547005067), പയ്യപ്പാടി (പുതുപ്പള്ളി 0481-2351631, 8547005040), പീരുമേട് (04869232373, 8547005041), തൊടുപുഴ (04862257447, 8547005047), പുത്തന്‍വേലിക്കര(04842487790, 8547005069) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2020-21 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്സുകളിലേക്ക് ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://ihrd.kerala.gov.in/cascap വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ് സി, എസ്ടി 150 രൂപ) രജിസ്ട്രേഷന് ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.
ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2019-20 അധ്യയന വര്‍ഷം എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരില്‍ നിന്നും ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറില്‍ എഴുതി തയ്യാറാക്കിയ ക്ഷേമനിധി അംഗത്തിന്റെ അപേക്ഷ, മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ക്ഷേമനിധി കാര്‍ഡിന്റെ പകര്‍പ്പ്, അപേക്ഷകന് വിദ്യാര്‍ഥിയുമായുള്ള ബന്ധം തെളിയിക്കുന്നതിനായി എസ് എസ് എല്‍ സി ബുക്ക്/റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്/അപേക്ഷകന്റെ ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ആഗസ്ത് 10ന് മുമ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ്, മുണ്ടയ്ക്കല്‍ വെസ്റ്റ്, കൊല്ലം -691001 എന്ന വിലാസത്തിലോ നേരിട്ടോ, തപാല്‍ മുഖേനയോ chiefofficecashew@gmail.com എന്ന മെയിലിലോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0474-2743469.
ജില്ലയില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട്
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 30 വ്യാഴാഴ്ച ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
- Log in to post comments