സ്വാതന്ത്യദിനാഘോഷം; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല ക്ഷണിതാക്കള്‍ 100 മാത്രം
കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നിയന്ത്രണങ്ങള്‍ പാലിച്ച് നടത്താന്‍ തീരുമാനമായി. ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ ആഗസ്റ്റ് 15 ന് രാവിലെ ഒന്‍പതിന് നടക്കുന്ന ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ചടങ്ങില്‍ പങ്കെടുക്കുന്ന ക്ഷണിതാക്കള്‍ 100 പേരില്‍ കൂടരുതെന്നും നിര്‍ദേശമുണ്ട്. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഇതുസംബന്ധിച്ച് എടുക്കേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തി.
ആചാരപരമായ പരേഡില്‍ ഒരു പ്ലാറ്റൂണില്‍ മൂന്നു മുതല്‍ അഞ്ചുവരെ അംഗങ്ങള്‍ മാത്രമായി പരിമിതപ്പെടുത്തി. അഭിവാദ്യം സ്വീകരിക്കുമെങ്കിലും മാര്‍ച്ച്പാസ്റ്റ് ഉണ്ടാകില്ല. കുട്ടികളെയും മുതിര്‍ന്നവരെയും ചടങ്ങില്‍ പങ്കെടുപ്പിക്കില്ല. ചടങ്ങില്‍ ഉപഹാര/സമ്മാന വിതരണം, ഷാള്‍ അണിയിക്കല്‍ എന്നിവ ഉണ്ടാകില്ല. ആരോഗ്യ മേഖലയിലെ മൂന്നു ഡോക്ടര്‍മാര്‍, രണ്ടുവീതം നഴ്സ്, പാരാമെഡിക്കല്‍ സ്റ്റാഫ്, ശുചീകരണ തൊഴിലാളികള്‍, കോവിഡ് രോഗമുക്തി നേടിയവര്‍ എന്നിവരെ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ക്ഷണിക്കും.
ചടങ്ങിനെത്തുന്നവരെ തെര്‍മല്‍ സ്കാന്‍ നടത്തും. ആവശ്യത്തിന് സാനിറ്റൈസറും മാസ്കും സജ്ജമാക്കും. സെറിമോണിയല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന പ്ലാറ്റാണുകള്, ബാന്റ് ട്രൂപ്പ് എന്നിവയുടെ റിഹേഴ്സല്‍ 13ന് രാവിലെയും വൈകിട്ടും നടത്തും. സ്വാതന്ത്യദിനാഘോഷം പൂര്‍ണമായും ഹരിതചട്ടം പാലിച്ചാവണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. പ്ലാസ്റ്റിക് പതാക, ഫ്ളക്സ്, പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവ ഉള്‍പ്പടെ പ്ലാസ്റ്റിക് സാധനങ്ങള്‍ ഒഴിവാക്കണമെന്നും ഇതിനായി ശുചിത്വ മിഷന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കലക്ടര്‍ അറിയിച്ചു.
(പി.ആര്.കെ നമ്പര്‍ 2092/2020)
- Log in to post comments