മത്സ്യബന്ധനം: ക്രമീകരണങ്ങള്‍ തൊഴിലാളികളെ സഹായിക്കാന്‍ - മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
ട്രോളിങ് നിരോധനത്തിന് ശേഷം പുനരാരംഭിക്കുന്ന മത്സ്യബന്ധനത്തിന് സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത് തൊഴിലാളികളെ സഹായിക്കാനാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.
കോവിഡിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് തീരുമാനം. ജില്ലാ ഭരണകൂടവും ഫിഷറീസ് വകുപ്പും ഹാര്‍ബര്‍ മാനേജ്‌മെന്റ് സമിതിയുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്.
ചെറുകിടക്കാര്‍ ഉള്‍പ്പടെ എല്ലാ വിഭാഗം മത്സ്യത്തൊഴിലാളികള്‍ക്കും ഗുണപരമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.
തൊഴിലാളികള്‍ക്ക് സൗകര്യമൊരുക്കാന്‍ വേണ്ടി മാത്രമാണ് നിയന്ത്രണങ്ങള്‍. ഇതിന് തുരങ്കം വയ്ക്കുവാന്‍ ശ്രമിക്കുന്നവര്‍ കര്‍ശന നടപടിക്ക് വിധേയരാകേണ്ടിവരുമെന്ന് മന്ത്രി അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും മത്സ്യം കൊണ്ടുവരാന്‍ അനുവദിക്കില്ല. പൊലീസ് ഇത് കൃത്യമായി നിരീക്ഷിക്കും.
ഹാര്‍ബറുകള്‍ക്ക് മുന്നില്‍ പുറത്ത് നിന്നുള്ള മത്സ്യം കൊണ്ടുവന്ന് ഹാര്‍ബറില്‍ നിന്ന് കയറ്റിയതാണെന്ന വ്യാജേന മത്സ്യവില്‍പ്പനയ്ക്ക് കൊണ്ടു പോകുന്നതായി മുന്‍പ് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് അനുവദിക്കുന്നതല്ല. കര്‍ശന നടപടിക്ക് ഇത്തരക്കാര്‍ വിധേയരാകും.
ചെറുകിട മത്സ്യവ്യാപാരം നടത്തുന്നവരെ നിശ്ചിത എണ്ണം ഗ്രൂപ്പുകളായി തിരിച്ച് അവര്‍ തന്നെ തിരഞ്ഞെടുക്കുന്ന ഒന്നോ രണ്ടോ പേരെ ഹാര്‍ബറില്‍ നിന്നും മത്സ്യമെടുക്കാന്‍ അനുവദിക്കും. ഇവര്‍ക്ക് സൗകര്യമുള്ള ഹാര്‍ബര്‍, മത്സ്യം കരയ്ക്കടുപ്പിക്കല്‍ കേന്ദ്രം എന്നിവിടങ്ങളില്‍ നിന്ന് മത്സ്യമെടുക്കാന്‍ പാസ്സ് നല്‍കും.
മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
ഇത് സംബന്ധിച്ച് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്‍, ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഹൈര്‍ എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തി. ഓണ്‍ലൈന്‍ വഴിയായിരുന്നു യോഗം.
(പി.ആര്‍.കെ നമ്പര്‍ 2101/2020)
- Log in to post comments