Skip to main content

പ്രളയാശങ്ക: ജാഗ്രത വേണം, പോലീസ് സജ്ജം- ജില്ലാ പോലീസ് മേധാവി

ആശങ്ക വിതച്ചു മഴ തുടരുന്ന സാഹചര്യത്തില്‍, അടിയന്തിരഘട്ടത്തില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചതായും, ജില്ലയിലെ പോലീസ് സംവിധാനം സുസജ്ജമാണെന്നും ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ജില്ലയിലെ നദികളെല്ലാം നിറയുന്നതും മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ നിയന്ത്രിത തോതില്‍ തുറന്നുവിടുന്നതും ഗൗരവത്തോടെ കാണേണ്ടതാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആശങ്കാജനകമായ സ്ഥിതി നിലവിലുള്ളതിനാല്‍ ആളുകള്‍ പരിഭ്രാന്തരാവരുതെന്നും, ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു. പമ്പ ഉള്‍പ്പെടെയുള്ള നദികളില്‍ ജലനിരപ്പ് ഉയരുന്നതും റാന്നി പോലെയുള്ള ചില പ്രദേശങ്ങളില്‍  വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതും പരിഗണിച്ച് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ക്കും എസ്എച്ച് ഒമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
          മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും, അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നടപടികളും സ്വീകരിക്കാനും നിര്‍ദേശം നല്‍കി. ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുംവിധം ദുരന്തനിവാരണവുമായി ബന്ധപ്പെട്ട കണ്‍ട്രോള്‍ റൂം ഡിസിആര്‍ബി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ തുറക്കും. ജില്ലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും, കൃത്യമായ നടപടികള്‍ കൈക്കൊള്ളുകയും മറ്റും ചെയ്യുന്നതിന് കണ്‍ട്രോള്‍ റൂം ജാഗ്രതയോടെ പ്രവര്‍ത്തിക്കും.
പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലുള്ള കമ്മ്യൂണിറ്റി വോളന്റിയര്‍ ഗ്രൂപ്പുകളെ സംഘടിപ്പിച്ച് വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയവ ഉണ്ടായാല്‍ സ്വീകരിക്കേണ്ട എല്ലാ മുന്‍കരുതലുകളും എടുക്കണമെന്ന നിര്‍ദേശവും എല്ലാ എസ്എച്ച്ഒമാര്‍ക്കും കൈമാറിയിട്ടുണ്ട്. ജനമൈത്രി പോലീസ് എല്ലാ പോലീസ് സ്റ്റേഷനിലെയും സന്നദ്ധപ്രവര്‍ത്തകരുടെ വിശദാംശം ശേഖരിക്കുകയും, അവരുമായി സഹകരിച്ച് ആവശ്യഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്.
     കോവിഡ് 19 മായി ബന്ധപ്പെട്ട് മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ടെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. പലവിധ രോഗങ്ങളും ബുദ്ധിമുട്ടുകളും മറ്റുമുള്ള മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷയും ക്ഷേമവും  ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ജനമൈത്രി പോലീസ് സംവിധാനം പ്രയോജനപ്പെടുത്തി മുതിര്‍ന്ന പൗരന്മാരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുകയും, അതിക്രമങ്ങളും മറ്റും ഉണ്ടാവാതെ തടയാനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കി. 112 ഹെല്‍പ് ലൈന്‍ നമ്പര്‍ ഉള്‍പ്പെടെ ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന എല്ലാ ഫോണ്‍ നമ്പറുകളും അവര്‍ക്കു ലഭ്യമാക്കണം.  കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രോട്ടോകോള്‍ പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ വീടുകളില്‍ കഴിയണമെന്നും ചികിത്സാര്‍ഥമല്ലാതെ പുറത്തിറങ്ങരുതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കോവിഡുമായി ബന്ധപ്പെട്ട ഡ്യൂട്ടികള്‍ക്ക് പുറത്തുപോകുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥരും മാസ്‌ക്, ഫേസ് ഷീല്‍ഡ് തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകളെടുക്കേണ്ടതും, സാമൂഹിക അകലം പോലെയുള്ള ശുചിത്വ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ എസ്എച്ച്ഒമാരും മുതിര്‍ന്ന ഓഫീസര്‍മാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

 

date