Skip to main content

രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യതൊഴിലാളികള്‍ പുറപ്പെട്ടു  

കൊല്ലത്തു നിന്നും മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. 10 വള്ളങ്ങള്‍ കയറ്റിയ ലോറികളില്‍ 20 മത്സ്യത്തൊഴിലാളികളാണ് കൊല്ലം ഹാര്‍ബറില്‍ നിന്നും തിരിച്ചത്. അഞ്ച് വള്ളങ്ങളും തൊഴിലാളികളും ആവശ്യം വന്നാല്‍ പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെത്തിയ മത്സ്യത്തൊഴിലാളികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചു. അഞ്ചു വള്ളങ്ങളും 10 തൊഴിലാളികളേയും വീതം റാന്നി, ആറ•ുള എന്നിവിടങ്ങളിലായി വേണ്ടിവന്നാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ നിയോഗിച്ചിട്ടുണ്ട്. ആറ•ുളയില്‍ എത്തിയ അഞ്ചു വള്ളങ്ങളും തൊഴിലാളികളും പമ്പ നദീതീരത്താണ് വിന്യസിച്ചിരിക്കുന്നത്. മുന്‍പ് മഹാപ്രളയം ഉണ്ടായപ്പോള്‍ രണ്ട് എഞ്ചിനുകള്‍ ഉള്ള വള്ളങ്ങള്‍ എത്തിച്ചതിന് ശേഷമാണ് ആറിന് അക്കരെയുള്ളവരെ രക്ഷിക്കാന്‍ കഴിഞ്ഞത്. ഇക്കുറി വെള്ളപ്പൊക്കം ഉണ്ടായാല്‍ ആറ്റില്‍ കൂടിതന്നെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനാണ് പമ്പാ തീരത്ത് തന്നെ വള്ളങ്ങള്‍ സജ്ജമാക്കിയത്. കഴിഞ്ഞ രണ്ട് വെള്ളപ്പൊക്ക സമയത്തും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ അതേ മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് ആറ•ുളയില്‍ എത്തിയത്. അവരുടെ അഭിപ്രായം കൂടി ആരാഞ്ഞശേഷമാണ് അധികൃതര്‍ ആറ്റില്‍ കൂടി തന്ന രക്ഷാപ്രവര്‍ത്തനം നടത്താമെന്ന തീരുമാനത്തിലെത്തിയത്. മുന്‍പ് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കരയില്‍ നിറഞ്ഞ വെള്ളത്തിലൂടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ ചില ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇത് ദുഷ്‌കരമായിരുന്നു. ഇത് മുന്നില്‍ കണ്ടാണ് ആറ്റില്‍ കൂടിതന്നെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ തീരുമാനം. ജൂലൈ ഏഴിന് മത്സ്യത്തൊഴിലാളികളുടെ സേവനം ആവശ്യപ്പെട്ട ഉടന്‍ വാടി, മൂതാക്കര, ജോനകപ്പുറം തുടങ്ങിയ വിവിധയിടങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികളെയും വള്ളങ്ങളെയും സംഘടിപ്പിച്ച് വള്ളങ്ങള്‍ കൊണ്ടുപോകാന്‍ ലോറികളും സജ്ജമാക്കി. ഇന്നലെ(ആഗസ്റ്റ് 07) രാവിലെ ഒന്‍പത് മണിയോട് കൂടിയാണ് 10 ലോറികള്‍ വള്ളങ്ങളും മത്സ്യത്തൊഴിലാളികളും പൊലീസ് അകമ്പടിയോട് കൂടി പത്തനംതിട്ടയിലേക്ക് തിരിച്ചത്.
എം മുകേഷ് എം എല്‍ എ, ആര്‍ ഡി ഒ ഹരികുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍, ഫിഷറീസ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എച്ച് ബേസില്‍ ലാല്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷീബാ ആന്റണി, തഹസീല്‍ദാര്‍ ശശിധരന്‍പിള്ള, മത്സ്യഫെഡ് എം ഡി ഡോ ലോറന്‍സ് ഹരോള്‍ഡ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ മണിയപ്പന്‍, മത്സ്യഫെഡ് അംഗം ടി മനോഹരന്‍, പള്ളിത്തോട്ടം സി ഐ ദേവരാജന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഷെമീര്‍, ബിനു കുഞ്ഞുമോന്‍, അജയകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
(പി.ആര്‍.കെ നമ്പര്‍ 2127/2020)

date