എന്‍.ഡി.ആര്.എഫ് സംഘം ദുരന്ത സാധ്യതാ മേഖലകള്‍ സന്ദര്‍ശിച്ചു
കോട്ടയം ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ എത്തിയ ദേശീയ ദുരന്ത പ്രതികരണ സേന(എന്‍.ഡി.ആര്.എഫ്) രണ്ടു സംഘങ്ങളായി ജില്ലയിലെ ദുരന്ത സാധ്യതാ മേഖലകളില്‍ സന്ദര്‍ശനം നടത്തി.
കുമരകം മേഖലയിലും കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ പൂഞ്ഞാര്‍ നടുഭാഗം വില്ലേജിലെ പെരിങ്ങളത്തും ദുരിതാശ്വാസ ക്യാമ്പുകളിലുമാണ് ഇവര്‍ പോയത്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. ജില്ലയില്‍ ഇതുവരെ നടത്തിയിട്ടുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് എന്‍.ഡി.എആര്‍.എഫ് വിലയിരുത്തി.
ഡെപ്യൂട്ടി കമാന്‍ഡന്റ് രാജന് ബാലുവിന്റെ നേതൃത്വത്തില്‍ 23 അംഗ സംഘമാണ് കോട്ടയത്ത് ക്യാമ്പ് ചെയ്യുന്നത്. ദുഷ്കര മേഖലകളിലെ രക്ഷാപ്രവര്ത്തനത്തിനായിരിക്കും ഇവരുടെ സേവനം പ്രധാനമായും പ്രയോജനപ്പെടുത്തുക.
രാവിലെ കളക്ടറേറ്റിലെത്തിയ ഡെപ്യൂട്ടി കമാന്‍ഡന്റ് ജില്ലാ കളക്ടര്‍ എം. അഞ്ജനയുമായി ചര്‍ച്ച നടത്തി. ജില്ലാ പോലീസ് മേധാവി ജി. ജയദേവും എ.ഡി.എം അനില്‍ ഉമ്മനും സന്നിഹിതരായിരുന്നു.
- Log in to post comments