ദുരന്ത സാധ്യതാ മേഖലകളിലെ എല്ലാവരെയും ക്യാമ്പുകളിലേക്ക് മാറ്റും
ശക്തമായ മഴയെത്തുടര്‍ന്ന് നദികളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ദുരന്ത സാധ്യതാ മേഖലകളിലുള്ള എല്ലാവരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും.
ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ആളുകളെ ഒഴിപ്പിക്കുന്ന നടപടി ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട് ഇന്നലെ(ഓഗസ്റ്റ് 7) വൈകുന്നേരം ഏഴു വരെ ജില്ലയില്‍ 34 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 206 കുടുംബങ്ങളിലെ 610 പേരാണ് ക്യാമ്പുകളിലുള്ളത്. പൊതു വിഭാഗത്തിനുള്ള 29 ക്യാമ്പുകളും അറുപതു വയസിനു മുകളിലുള്ളവര്‍ക്കായി സജ്ജീകരിച്ച നാലു ക്യാമ്പുകളും കോവിഡ് ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ക്കായി ഒരു ക്യാമ്പുമാണ് പ്രവര്‍ത്തനമാരംഭിച്ചത്.
2018ലും 2019ലും പ്രളയത്തെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുകയും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുകയും ചെയ്ത പ്രദേശങ്ങളിലെ എല്ലാവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനാണ് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവിട്ടിരിക്കുന്നത്. തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കാണ് ഇതിന്‍റെ ചുമതല
ക്യാമ്പുകള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചാര്‍ജ് ഓഫീസര്‍മാര്‍ ഉറപ്പാക്കണം. പ്രോട്ടോക്കോള്‍ പാലിക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും വൈദ്യ സഹായവും ആരോഗ്യ വകുപ്പ് നല്‍കും.
ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കൊഴികെ പുറത്തുനിന്ന് ആര്‍ക്കും ക്യാമ്പുകളില്‍ പ്രവേശനം അനുവദിക്കാന്‍ പാടില്ല. ഇത് ലംഘിച്ച് ആരെങ്കിലും പ്രവേശിച്ചാല്‍ ക്യാമ്പിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പോലീസിനെ വിവരം അറിയിക്കേണ്ടതാണ്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണം വിതരണം ചെയ്യാന്‍ പാടില്ല. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി.
- Log in to post comments