കാലവർഷം: ജില്ലയിൽ നിലവിൽ 13 ക്യാമ്പുകളിലായി 438 പേർ
ജില്ലയിൽ നിലവിൽ 13 ക്യാമ്പുകളിൽ 158 കുടുംബങ്ങളിലെ 438 പേർ തുടരുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. മണ്ണാർക്കാട് താലൂക്കിൽ ഒമ്പതും ചിറ്റൂർ താലൂക്കിൽ രണ്ടും ആലത്തൂരിലും ഒറ്റപ്പാലത്തും ഒന്ന് വീതം ക്യാമ്പുകളുമാണ് തുറന്നത്. ഇതിൽ 155 സ്ത്രീകളും 146 പുരുഷന്മാരും 137 കുട്ടികളും ഉൾപ്പെടുന്നു.
*ജില്ലയിൽ ലഭിച്ചത് 4.12 മില്ലിമീറ്റർ മഴ
കാലവർഷത്തെ തുടർന്ന് ജില്ലയിൽ ഓഗസ്റ്റ് 10 രാവിലെ എട്ടുമുതൽ ഇന്ന് (ഓഗസ്റ്റ് 11) രാവിലെ എട്ടു വരെ ലഭിച്ചത് 4.12 മില്ലിമീറ്റർ മഴ. ജില്ലയിലെ ആറു താലൂക്കുകളിലായി ലഭിച്ച ശരാശരി മഴയാണിത്.
ഒറ്റപ്പാലം താലൂക്കിൽ 9.8 മില്ലിമീറ്റർ, ചിറ്റൂർ 4, മണ്ണാർക്കാട് 3.6, പാലക്കാട് 3.4, ആലത്തൂർ 2, പട്ടാമ്പി 1.9 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
ജില്ലയിൽ ജൂൺ ഒന്നു മുതൽ 1247.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
പാലക്കാട് ജില്ലയിലെ മറ്റ് നാശനഷ്ടങ്ങൾ
പാലക്കാട് ജില്ലയിൽ കഴിഞ്ഞദിവസം ഭാഗികമായി 28 വീടുകളും പൂർണമായി ഒരു വീടും തകർന്നത്. ഇതോടെ ഭാഗികമായി 526 വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. 20 വീടുകൾ പൂർണമായും തകർന്നു.
കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ 3.29 കിലോമീറ്റർ കെ.എസ്.ഇ.ബി കണക്ഷനുകൾക്കും 51 പോസ്റ്റുകൾക്കും കേടുപാട് സംഭവിച്ചു. ഇതുവരെ ജില്ലയിലെ 213.784 കിലോമീറ്റർ കെ.എസ്.ഇ.ബി കണക്ഷനുകൾക്കാണ് കേടുപാട് സംഭവിച്ചത്. കൂടാതെ 1930 പോസ്റ്റുകളും 18 ട്രാൻസ്ഫോർമറുകളും തകർന്നു.
ജൂൺ ഒന്നുമുതൽ ജില്ലയിൽ 1197.82 ഹെക്ടർ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. ആകെ 5080 കർഷകരാണ് ഇതുമൂലം ബാധിതരായത്.
- Log in to post comments