വികസന പാതയില്‍ കുന്ദമംഗലം മണ്ഡലത്തിലെ റോഡുകള്‍
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ പ്രധാന മൂന്ന് റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചതോടെ പ്രധാനപ്പെട്ട പ്രദേശങ്ങളിലേക്കുള്ള യാത്ര ഇനി സുഗമമാവും.നാല് കോടി രൂപ ചെലവഴിച്ചാണ് പുല്‍പറമ്പ പാഴൂര്‍ കൂളിമാട് റോഡിന്റെ 3/300 മുതല്‍ 6/100 വരെയുള്ള ഭാഗത്തെ പ്രവൃത്തി നടത്തിയത്. ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ഈ റോഡ് ബി.എം.ബി.സി നിലവാരത്തില്‍ 5.5 മീറ്റര്‍ വീതിയില്‍ ടാറിംഗ് പൂര്‍ത്തീകരിക്കുകയും കോണ്‍ക്രീറ്റ് കലുങ്കുകള്‍, കാനകള്‍, റോഡ് സുരക്ഷാ മാര്‍ഗങ്ങള്‍ എന്നിവയോടെയുമാണ് പരിഷ്‌കരിച്ചിട്ടുള്ളത്. ഇപ്പോള്‍ 25 കോടി രൂപ ചെലവില്‍ പ്രവൃത്തി നടന്നുവരുന്ന കൂളിമാട് പാലത്തിലേക്കും മലപ്പുറം ജില്ലയിലേക്കുമുള്ള എളുപ്പ മാര്‍ഗ്ഗമായി ഈ റോഡ് ഉപയോഗപ്പെടും.
ചാത്തമംഗലം വേങ്ങേരിമഠം പാലക്കാടി റോഡിന് ഏഴ് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ചാത്തമംഗലം മുതല്‍ പാലക്കാടി വരെയുള്ള ഭാഗമാണ് ഈ പ്രവൃത്തിയുടെ ഭാഗമായി നവീകരിക്കുന്നത്. ഇപ്പോള്‍ 14 കോടി രൂപ ചെലവില്‍ പ്രവൃത്തി നടന്നുവരുന്ന കുന്ദമംഗലം അഗസ്ത്യന്‍മൂഴി റോഡുമായാണ് ഇത് ബന്ധിപ്പിക്കുന്നത്. കുന്ദമംഗലം, പെരുവയല്‍ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോവുന്ന പെരിങ്ങളം കുരിക്കത്തൂര്‍ പെരുവഴിക്കടവ് റോഡ് അഞ്ച് കോടി രൂപ ചെലവില്‍ നവീകരിക്കുന്നതിനാണ് അനുമതിയായിട്ടുള്ളത്. ഇപ്പോള്‍ കിഫ്ബി മാനദണ്ഡങ്ങള്‍ പ്രകാരം 36 കോടി രൂപ ചെലവില്‍ നവീകരണ പ്രവൃത്തികള്‍ നടന്നുവരുന്ന താമരശ്ശേരി വരിട്ട്യാക്കില്‍ സി.ഡബ്ല്യു.ആര്‍.ഡി.എം റോഡുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍, കുന്ദമംഗലം ഗവ. കോളജ്, പെരുവഴിക്കടവ് പാലം തുടങ്ങിയ ഇടങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള എളുപ്പ മാര്‍ഗ്ഗമായി ഇത് മാറും.
ബി.എം.ബി.സി നിലവാരത്തില്‍ 5.5 മീറ്റര്‍ വീതിയില്‍ ടാറിംഗ്, കോണ്‍ക്രീറ്റ് കലുങ്കുകള്‍, കാനകള്‍, ഇന്റര്‍ ലോക്കിംഗ്, റോഡ് സുരക്ഷാ മാര്‍ഗങ്ങള്‍ എന്നിവയോടെയാണ് ഈ റോഡുകളുടെ പ്രവൃത്തി നടത്തുന്നതിന് കരാര്‍ നല്‍കിയിട്ടുള്ളത്.
- Log in to post comments